cs

തിരുവനന്തപുരം: ചീഫ് സെക്രട്ടറി ടോം ജോസ് ഉപയോഗിക്കുന്ന 25.60 ലക്ഷം വിലയുള്ള ആഡംബര എസ്.യു.വി ജീപ്പ് കോമ്പസ് പൊലീസിന്റെ നവീകരണ ഫണ്ട് ഉപയോഗിച്ച് വാങ്ങിയതെന്ന് വിവരം. പൊലീസ് മേധാവിയുടെ പേരിൽ രജിസ്റ്റർ ചെയ്ത വാഹനമാണിത്. സമാനമായ കാറാണ് ബെഹ്റയും ഉപയോഗിക്കുന്നത്. നിറത്തിലേ വ്യത്യാസമുള്ളൂ. ടോം ജോസിന്റെ വാഹനം കറുപ്പും ബഹ്റയുടേത് വെളുപ്പും.

കെ.എൽ 01- സി.എൽ - 9663 നമ്പരിലുള്ള വാഹനം 2019 ആഗസ്റ്റ് 14നാണ് തിരുവനന്തപുരം ആർ.ടി ഓഫീസിൽ രജിസ്റ്റർ ചെയ്തത്. ഈ കാറിൽ കേരളാ സ്റ്റേറ്റ് 55 എന്ന നമ്പരാണ് ചീഫ് സെക്രട്ടറി ഉപയോഗിക്കുന്നത്. ചീഫ് സെക്രട്ടറിമാർ സാധാരണ ഉപയോഗിക്കാറുള്ളത് ടൂറിസം വകുപ്പിന്റെ വാഹനമാണ്.

സർക്കാർ ഉദ്യോഗസ്ഥർ വിവിധ വകുപ്പുകളുടെ വാഹനങ്ങൾ ഉപയോഗിക്കുന്നത് സാധാരണമാണെന്നാണ് ചീഫ് സെക്രട്ടറിയുടെ ഓഫീസിന്റെ വിശദീകരണം. വാഹനം വാങ്ങാനുള്ള ഫണ്ടിൽ കുറവുണ്ടായാൽ ഇങ്ങനെ ചെയ്യാറുണ്ടത്രേ.

ചീഫ് സെക്രട്ടറി ഉപയോഗിക്കുന്നത് ഡി.ജി.പിയുടെ പേരിലുള്ള വാഹനമാണെന്ന് പൊലീസ് സമ്മതിച്ചെങ്കിലും എന്തു സാഹചര്യത്തിലാണ് വാഹനം നൽകിയതെന്നു വിശദീകരിക്കാൻ തയ്യാറായില്ല.


കോമ്പസ് ലിമിറ്റഡ് എഡിഷൻ
ജീപ്പ് കമ്പനിയുടെ കോമ്പസ് 2.0 ലിമിറ്റഡ് എഡിഷൻ എസ്.യു.വിയാണ് ചീഫ്‌ സെക്രട്ടറി ഉപയോഗിക്കുന്നത്. തിരുവനന്തപുരത്തെ വില 25.60ലക്ഷം രൂപണ്. സർക്കാരിന് വിപണി വിലയെക്കാൾ അല്പം കുറഞ്ഞ നിരക്കിൽ ലഭിക്കും.