pachakari

വക്കം: സമ്പൂർണ ജൈവ പച്ചക്കറി ഗ്രാമമായി മാറാൻ തയ്യാറെടുക്കുന്ന വക്കം ഗ്രാമ പഞ്ചായത്തിലെ 14 വാർഡുകളിലെ 21 ജെ.എൽ.ജി ഗ്രൂപ്പുകൾ വഴി തുടക്കമിട്ട ജൈവ പച്ചക്കറി കൃഷിയിൽ നൂറുമേനി വെളവെടുപ്പ്. പഞ്ചായത്തു തല ഉദ്ഘാടനം രണ്ടാം വാർഡിൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നൗഷാദ് ഉദ്ഘാടനം ചെയ്തു.

ഇവിടെ ഹരിത കൃഷി ദീപം, ഉണർവ് എന്നി ജെ.എൽ.ജെ ഗ്രൂപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ ശീതകാല പച്ചക്കറിയുടെ വിളവെടുപ്പാണ് നടത്തിയത്. കാബേജ്, കോളിഫ്ലവർ, തക്കാളി, വെണ്ട, കത്തിരി, മുളക്, വഴുതന തുടങ്ങി എല്ലാത്തിലും മികച്ച വിളവ്. ഇതിനു പുറമേ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി ഒരു കുളം നിർമ്മിച്ച് കരിമീൻ, സിലോക്കപ്പിയ തുടങ്ങിയ മത്സ്യകൃഷിയും ഇവർ നടത്തിവരുന്നു. ജെ.എൽ.ജി ഗ്രൂപ്പുകൾ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.

15 ഓളം അംഗങ്ങളടങ്ങുന്ന ഓരോഗ്രൂപ്പും ഒന്നര ഏക്കറിൽ കുറയാത്ത ഭൂമി പാട്ടത്തിനെടുത്താണ് കൃഷി നടത്തിയത്.

സംസ്ഥാനത്ത് കാർഷിക വികസന സമിതിയും, കർഷക ക്ഷേമ വകുപ്പ് നടത്തുന്ന പദ്ധതിക്ക് തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തുo മുന്തിയ പരിഗണന നൽകുന്നുണ്ട്. വായ്പകൾക്ക് കുടുംബശ്രീ പലിശ ഇളവ് നൽകുന്നതോടൊപ്പം ചിറയിൻകീഴ് ബ്ലോക്കിന്റെ പ്രത്യേക ആനുകൂല്യവും വക്കം ഗ്രാമ പഞ്ചായത്തിനുണ്ടെന്ന് കൃഷി ഓഫീസർ അനുചിത്ര പറഞ്ഞു.

വക്കം ഗ്രാമ പഞ്ചായത്തിലെ മുപ്പതിലധികം ഏക്കർ കൃഷി ഭൂമിയിൽ ഇടവിള കൃഷിയായി വാഴ, കിഴങ്ങുവർഗങ്ങൾ, ഇഞ്ചി തുടങ്ങിയവയുണ്ട്. ഗുണമുള്ള പച്ചക്കറിത്തൈകളും വളവും കൃഷി ബോധനവും നൽകിയാൽ മികച്ച ജൈവ പച്ചക്കറി എന്നും ഉത്പാദിപ്പിക്കാമെന്ന് ജൈവ പച്ചക്കറി ഗ്രൂപ്പുകൾ പറയുന്നു.