photo
കിള്ളിയാർ രണ്ടാംഘട്ട ശുചീകരണം കഴിഞ്ഞ് മടങ്ങുന്ന തൊഴിലുറപ്പ് അംഗങ്ങൾ

നെടുമങ്ങാട്: അഴുക്കുവെള്ളം കെട്ടിനിന്ന് ദുർഗന്ധം വമിച്ചിരുന്ന ഒരു പൂർവകാലം കിള്ളിയാറിനുണ്ടായിരുന്നു. വെള്ളം ദേഹത്ത് വീണാൽ ചൊറിഞ്ഞടരുമെന്നു. 2018 -ൽ 'കിള്ളിയാർ ഒഴുകും സ്വസ്ഥമായി" എന്ന സന്ദേശവുമായി തിരുവനന്തപുരം ജില്ലാപഞ്ചായത്തും നെടുമങ്ങാട് ബ്ലോക്ക്, നഗരസഭകളും മുൻകൈ എടുത്ത് നടപ്പിലാക്കിയ കിള്ളിയാർ ശുചീകരണ ദൗത്യത്തിന്റെ ആദ്യഘട്ടം പിന്നിട്ടതോടെയാണ് ദുരവസ്ഥയ്ക്ക് മാറ്റം വന്നത്. വഴയില പാലം മുതൽ കല്ലമ്പാറ വരെയുള്ള തീരവാസികൾ കുളിക്കാനും പ്രാഥമികാവശ്യങ്ങൾക്കും ഇന്ന് ആശ്രയിക്കുന്നത് കിള്ളിയാറിനെയാണ്. 'പുഴയറിവ്" എന്ന പേരിൽ പുഴ നടത്തം സംഘടിപ്പിച്ച് കൊണ്ടായിരുന്നു കിള്ളിയാർ മിഷൻ പ്രവർത്തനങ്ങളുടെ തുടക്കം. ആയിരക്കണക്കിന് സന്നദ്ധ, സാംസ്കാരിക സംഘടനാ പ്രവർത്തകരെ അണിനിരത്തി വാർഡുകൾ തോറും 'കിള്ളിയാറൊരുമ" ജനകീയ കൂട്ടായ്മകളായിരുന്നു അടുത്ത ഘട്ടം. 2018 ഏപ്രിൽ 14 നായിരുന്നു വാർത്ത പ്രാധാന്യം നേടിയ ഒന്നാംഘട്ട ശുചീകരണ ദൗത്യം നടന്നത്. ആറ്റിലേക്ക് മാലിന്യം ഒഴുക്കാൻ സ്വകാര്യ വ്യക്തികൾ സ്ഥാപിച്ചിരുന്ന 1,200 പൈപ്പുകളാണ് നീക്കം ചെയ്തത്. തീരം അളന്നു തിട്ടപ്പെടുത്താൻ പുരോഗമിക്കുകയാണ്. കരകുളം ഗ്രാമപഞ്ചായത്ത് പരിധിയിൽ തീരം അളന്ന് ജണ്ട സ്ഥാപിച്ചു. 6.20 ഏക്കർ വസ്തുവാണ് തിരികെ ലഭിച്ചത്. നെടുമങ്ങാട് നഗരസഭ പരിധിയിൽ എട്ട് ഏക്കർ ഭൂമി കൈയേറ്റക്കാരിൽ നിന്ന് പിടിച്ചെടുത്ത് ജണ്ട സ്ഥാപിച്ചു. പനവൂർ, ആനാട്, അരുവിക്കര പഞ്ചായത്തുകളുടെ പരിധിയിൽ നടപടികൾ അന്തിമഘട്ടത്തിലാണ്. തീരവാസികളുടെ സഹകരണത്തോടെയാണ് അളന്നു തിട്ടപ്പെടുത്തൽ. ഒരു തർക്കവും കൂടാതെ ജനം തീരഭൂമി വിട്ടു നല്കി. ഇറിഗേഷൻ വകുപ്പിന്റെയും പ്രാദേശിക കിള്ളിയാർ മിഷൻ സമിതികളുടെയും നേതൃത്വത്തിൽ തയാറാക്കി സമർപ്പിച്ച 9 കോടി രൂപയുടെ എസ്റ്റിമേറ്റിന് സംസ്ഥാന സർക്കാർ പച്ചക്കൊടി കാട്ടിയത് ഒന്നാംഘട്ട ശുചീകരണ ദൗത്യത്തിന്റെ വിജയമായാണ് വിലയിരുത്തൽ. കഴിഞ്ഞ പ്രളയ കാലത്ത് കിള്ളിയാർ കരകവിയാത്തതും മിഷൻ പ്രവർത്തനങ്ങളുടെ നേട്ടമായും വിലയിരുത്തപ്പെടുന്നുണ്ട്.

ആദ്യഘട്ടത്തിൽ ഒഴുപ്പിച്ച തീരഭൂമി: 14.20 ഏക്കർ

 നീക്കം ചെയ്ത മാലിന്യ പൈപ്പുകൾ : 1,200

 പുനരുജ്ജീവനത്തിന് തയാറാക്കിയ എസ്റ്റിമേറ്റ് : 9 കോടി രൂപ
പ്രതികരണം
------------------
''ശുചീകരണ ലക്ഷ്യം പിന്നിട്ട്, കിള്ളിയാറിന്റെ പുനരുജ്ജീവന പ്രവർത്തനങ്ങളിലേക്കാണ് രണ്ടാംഘട്ടത്തിൽ തുടക്കം കുറിച്ചിരിക്കുന്നത്.എല്ലാവിഭാഗം ജനങ്ങളുടെയും പിന്തുണ ലഭിച്ചു. ഭാവിയിലേക്കുള്ള കരുതലാണ് കിള്ളിയാർ സംരക്ഷണം""

--വി.കെ. മധു (ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്)

--ബി. ബിജു (കൺവീനർ, കിള്ളിയാർ മിഷൻ)