loknath-behra
loknath behra

തിരുവനന്തപുരം: ആയുധശേഖരത്തിൽ നിന്ന് തോക്കുകളും തിരകളും കാണാതായെന്നും പർച്ചേസുകളിൽ അടിമുടി ക്രമക്കേടാണെന്നുമുള്ള സി.എ.ജി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഡി.ജി.പി ലോക്നാഥ് ബെഹ്റ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ട് വിവരങ്ങൾ ധരിപ്പിച്ചു. ഒരു മണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ചയിൽ സി.എ.ജി റിപ്പോർട്ടിലെ പരാമർശങ്ങൾ ഡി.ജി.പി ഗവർണറെ അറിയിച്ചു. മുഖ്യമന്ത്റിയുടെ പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവയും ഡി.ജി.പിക്ക് ഒപ്പമുണ്ടായിരുന്നു. റൈഫിളുകൾ നഷ്ടമായിട്ടില്ലെന്നും വിവിധ ക്യാമ്പുകളിലുണ്ടെന്നും ഡി.ജി.പി ഗവർണറെ അറിയിച്ചു. എസ്.എ.പിയിൽ നിന്ന് ക്യാമ്പുകളിലേക്കും യൂണിറ്റുകളിലേക്കും നൽകുമ്പോൾ രജിസ്​റ്ററിൽ രേഖപ്പെടുത്തിയതിലെ പിശകാണ് ആശയക്കുഴപ്പത്തിന് കാരണം. ഇതുസംബന്ധിച്ച് നേരത്തെ സി.എ.ജിക്ക് മൂന്ന് തവണ വിശദീകരണം നൽകിയിരുന്നു. ഈ രേഖകളും ഡി.ജി.പി ഹാജരാക്കി. തോക്കുകളുടെ ബോഡി നമ്പർ രേഖപ്പെടുത്തിയപ്പോൾ ഒരു അക്കം രേഖപ്പെടുത്തിയതിലെ പിശകാണ് ആശയക്കുഴപ്പത്തിനിടയാക്കിയത്. സായുധസേനാ ഡി.ഐ.ജിയുടെ നേതൃത്വത്തിൽ സംസ്ഥാന പൊലീസിലുള്ള തോക്കുകളുടെയും മ​റ്റ് വെടിക്കോപ്പുകളുടെയും കണക്കെടുക്കുമെന്നും ആറുമാസത്തിനുള്ളിൽ അത് പൂർത്തിയാക്കുമെന്നും ഡി.ജി.പി ഗവർണർക്ക് ഉറപ്പുനൽകി. 1994 മുതൽ കാണാതായ വെടിയുണ്ടകളുടെ കണക്കാണ് സി.എ.ജി റിപ്പോർട്ടിലുള്ളതെന്നും ഇതേക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും ഡി.ജി.പി അറിയിച്ചു.