തിരുവനന്തപുരം: 25 ഇൻസാസ് റൈഫിളുകൾ പൊലീസിന്റെ ആയുധ ശേഖരത്തിൽ നിന്ന് കാണാതായെന്ന സി.എ.ജി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ പൊലീസ് ഉപയോഗിക്കുന്ന 666 റൈഫിളുകൾ ഇന്നലെ പരിശോധിക്കാനുള്ള ക്രൈംബ്രാഞ്ചിന്റെ നീക്കം പാളി. തോക്കുകൾ പൊലീസ് ഇന്നലെ ഹാജരാക്കിയില്ല. 44 റൈഫിളുകൾ വയനാട്ടിലും മലപ്പുറത്തും മാവോയിസ്റ്റ് വേട്ട നടത്തുന്ന ആന്റി നക്സൽ ഫോഴ്സിന് നൽകിയെന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്. തിങ്കളാഴ്ച റൈഫിളുകൾ താൻ നേരിട്ട് പരിശോധിക്കുമെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി പറഞ്ഞു.
ഇന്നലെ വൈകിട്ട് റൈഫിളുകൾ ഹാജരാക്കാനാണ് ക്രൈംബ്രാഞ്ച് നിർദ്ദേശിച്ചിരുന്നത്. എന്നാൽ കമാൻഡോ സേനയ്ക്ക് പകരം തോക്കുകൾ നൽകാതെ റൈഫിളുകൾ എത്തിക്കാനാവില്ലെന്ന് പൊലീസ് നിലപാടെടുത്തു. തിങ്കളാഴ്ച ഇവ എത്തിക്കാമെന്ന് പൊലീസ് ആസ്ഥാനം ക്രൈംബ്രാഞ്ചിനെ അറിയിച്ചു. പൊലീസ് ചീഫ് സ്റ്റോറിലെ രേഖകൾ പ്രകാരം സേന ഉപയോഗിക്കുന്നത് 666 എണ്ണം റൈഫിളുകളാണ്. രേഖകളുമായി ഒത്തുനോക്കി തിരിമറിയുണ്ടോയെന്ന് കണ്ടെത്താനാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നത്.
ആയുധ ശേഖരത്തിൽ നിന്ന് കാണാതായ തിരകളുടെ ഒഴിഞ്ഞ കൂടുകൾ ആക്രിയായി തൂക്കിവിറ്റെന്ന് സംശയിക്കുന്നതായി ടോമിൻ തച്ചങ്കരി പറഞ്ഞു. 26*52 മില്ലിമീറ്റർ വലിപ്പമുള്ള തിരകളുടെ കാലിയായ കൂടിന് സാമാന്യം തൂക്കമുണ്ടാവും. ചെമ്പിൽ നിർമ്മിച്ചിരിക്കുന്ന ഈ കൂടുകൾ ആക്രിയായി തൂക്കിവിറ്റാൽ നല്ല വിലകിട്ടും.
തിരകൾ എവിടെപ്പോയി...?
ബറ്രാലിയന്റെ ആയുധശേഖരത്തിൽ നിന്ന് കാണാതായ തിരകൾ ആർക്കു കിട്ടിയെന്ന ആശങ്ക നിലനിൽക്കുകയാണ്. തീവ്രവാദികൾക്കോ മാവോയിസ്റ്റുകൾക്കോ ഇവ കിട്ടാനുള്ള സാദ്ധ്യത തള്ളാനാവില്ല. എ.കെ.-47, സെൽഫ് ലോഡിംഗ് റൈഫിളുകൾ എന്നിവ മാവോയിസ്റ്റുകൾ ഉപയോഗിക്കുന്നവയാണ്. കാണാതായ 9എം.എം തിരകൾ പിസ്റ്റളിൽ ഉപയോഗിക്കുന്നവയാണ്. ഇവ സ്വകാര്യവ്യക്തികളുടെ പക്കലുമുണ്ട്. ശേഷിക്കുന്നവ റൈഫിളിലും സർവീസ് റിവോൾവറുകളിലും മാത്രം ഉപയോഗിക്കാവുന്ന തിരകളാണ്.