a-k-balan
A K BALAN

തിരുവനന്തപുരം: നാല് വർഷം കൊണ്ട് 1700 കോടി രൂപയുടെ വായ്പാ വിതരണം നടത്തി പിന്നോക്ക വികസന കോർപ്പറേഷനെ മികച്ച നേട്ടത്തിൽ എത്തിക്കാനായെന്ന് മന്ത്രി എ.കെ ബാലൻ ഫെയ്സ്ബുക്കിൽ കുറിച്ചു. 25 വർഷത്തിനിടയിൽ കൊടുത്ത വായ്പയുടെ 40 ശതമാനവും കഴിഞ്ഞ മൂന്നര വർഷത്തിനിടയിലാണ് നൽകിയത്. സർക്കാർ അധികാരത്തിൽ വരുമ്പോൾ 20 ഓഫീസുകളാണ് ഉണ്ടായിരുന്നത്. 14 പുതിയ ഉപജില്ലാ ഓഫീസുകൾ ഇക്കാലയളവിനുള്ളിൽ തുറന്നു. സ്ത്രീശാക്തീകരണത്തിനായി 350 കോടി രൂപ മൈക്രോ ക്രെഡിറ്റ് വായ്പയായി നൽകി.
രാജ്യത്ത് പിന്നോക്കവിഭാഗ വികസനത്തിന് ഏറ്റവും മികച്ച പ്രവർത്തനം നടത്തിയതിനുള്ള മൂന്ന് ദേശീയ പുരസ്‌കാരങ്ങളാണ് കോർപ്പറേഷൻ നേടിയത്. നാഷണൽ ബാക്ക്വേർഡ് ക്ലാസ് ഫിനാൻഷ്യൽ ഡെവലപ്‌മെന്റ് കോർപറേഷൻ ഏറ്റവും മികച്ച സംസ്ഥാന കോർപ്പറേഷനായി തിരഞ്ഞെടുത്തത് കേരളത്തിലെ പിന്നോക്കവിഭാഗ വികസന കോർപ്പറേഷനെയാണ്. പ്രവർത്തനമികവിൽ കേരളത്തിലെ ക്ഷേമധനകാര്യ കോർപ്പറേഷനുകളിൽ ഒന്നാം സ്ഥാനവും പൊതുമേഖലാ സ്ഥാപനങ്ങളിൽ ഏഴാം സ്ഥാനവും നേടി. റെസ്‌പോൺസിബിൾ സോഷ്യൽ ബ്രാൻഡിനുള്ള 'ഫ്യൂച്ചർ കേരള' അവാർഡും ലഭിച്ചു.