നെയ്യാറ്റിൻകര: അടച്ചിട്ടിരുന്ന വീട്ടിൽ നിന്ന് 1500 കിലോയോളം വരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരം പിടികൂടി. നെയ്യാറ്റിൻകര ആറാലുംമൂട് കേരള ആട്ടോമൊബൈൽസിന് സമീപമുള്ള ഒരു വീട്ടിൽ നിന്നാണ് 30 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് പെരിങ്ങമല സ്വദേശി ഷൈജു (30) പിടിയിലായി. തമിഴ്‌നാട്ടിൽ നിന്ന് വാങ്ങി സൂക്ഷിച്ചിരുന്ന പുകയില ഉത്പങ്ങൾ തിരുവനന്തപുരം,കൊല്ലം ജില്ലകളിൽ ചില്ലറ വില്പനക്കായിട്ടാണ് സൂക്ഷിച്ചിരുന്നതെന്ന് പ്രതിയും വീടിന്റെ ഉടമയുമായ ഇയാൾ സമ്മതിച്ചിട്ടുണ്ട്. മറ്റൊരു കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ഇയാൾ പിടിയിലായത്. തിരുപുറം അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ പോൾസന്റെ നേതൃത്വത്തിൽ പ്രിവെന്റീവ് ഓഫീസർമാരായ എസ്.ബി. വിജയകുമാർ, എ. രാധാകൃഷ്‌ണൻ, സി.ഇ.ഒമാരായ രഞ്‌ജിത് ആർ.എസ്, സൂരജ് എസ്.എസ്, പി.ബി. ഷൈജു, സജു.എസ്.ആർ, ഷാൻ, സൈമൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ കേസെടുത്തു.