നെയ്യാറ്റിൻകര: സഹകരണ ബാങ്കിലെ അഴിമതി പുറത്തുകൊണ്ടുവന്നതിന് യൂത്ത് കോൺഗ്രസ് പെരുങ്കടവിള മണ്ഡലം പ്രസിഡന്റിനെ മർദ്ദിച്ച ഡി.സി.സി ജനറൽ സെക്രട്ടറിയും സംഘവും ഒളിവിൽ. സംഭവത്തിന്റെ സി.സി.ടിവി ദൃശ്യങ്ങൾ ഇന്നലെയാണ് സമൂഹ മാദ്ധ്യമങ്ങൾ വഴി പ്രചരിച്ചത്. ഡി.സി.സി യൂത്ത് കോൺഗ്രസ് പെരുങ്കടവിള മണ്ഡലം പ്രസിഡന്റ് മാരായമുട്ടം കാക്കോട്ടുകുഴി ബഥനീസിൽ ഇടവഴിക്കര ജയനാണ് (36) മർദ്ദനമേറ്റത്. ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഡി.സി.സി ജനറൽ സെക്രട്ടറി മാരായമുട്ടം സുരേഷ്, പാറശാല മണ്ഡലം വൈസ് പ്രസിഡന്റ് പുനയാൽ സന്തോഷ് എന്നിവരാണ് ജയനെ ക്രിക്കറ്റ് ബാറ്റുപയോഗിച്ച് മർദ്ദിച്ചത്. മാരായമുട്ടം സഹകരണ ബാങ്കിലെ അഴിമതി പുറത്തുകൊണ്ടുവന്നതിന് മുന്നിൽ നിന്നത് ജയനായിരുന്നു. ബാങ്കിന്റെ മുൻപ്രസിഡന്റ് എം.എസ്.അനിലിന്റെ സഹോദരനാണ് മാരായമുട്ടം സുരേഷ്. സഹോദരന്റെ ബാങ്കിലെ അഴിമതി പുറത്തുകാട്ടിയതിലുള്ള വൈരാഗ്യമാണ് സംഭവത്തിനു പിന്നിൽ. തിങ്കളാഴ്ച വൈകിട്ട് നാലര മണിയോടെ പരിചയക്കാരനൊപ്പം തുക പിൻവലിക്കാൻ ബാങ്കിലെത്തിയ ജയനെ സുരേഷും സംഘവും ആക്രമിക്കുകയായിരുന്നു. ഇയാളെ തടഞ്ഞു നിറുത്തി ചോദ്യം ചെയ്ത സംഘം ക്രിക്കറ്റ് ബാറ്റുകൊണ്ട് ക്രൂരമായി അടിച്ചുവീഴ്ത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഒരാൾ പിടിച്ച് വയ്ക്കുകയും മറ്റേയാൾ അടിക്കുന്നതും കാണാം. നിറുത്താതെ അടി തുടരുന്നതിനിടെ മാരായമുട്ടം സുരേഷിനെ ജയൻ ചവിട്ടി പ്രതിരോധിക്കാൻ ശ്രമിക്കുന്നുമുണ്ട്. സംഭവം വിവാദമാവുകയും കൊലപാതക ശ്രമത്തിന് കേസെടുക്കുകയും ചെയ്തതോടെയാണ് മാരായമുട്ടം സുരേഷും സംഘവും ഒളിവിൽ പൊയതെന്നാണ് പൊലീസ് പറയുന്നത്.
അക്രമത്തിന് പിന്നിൽ കോൺഗ്രസിലെ ഗ്രൂപ്പ് പോര്
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രദേശിക കോൺഗ്രസിനുള്ളിൽ ഗ്രൂപ്പ് പോര് മുറുകിയതായാണ് ആരോപണം. യു.ഡി.എഫിന് ഭരണമുള്ള പെരുങ്കടവിള ഗ്രാമപഞ്ചായത്തിൽ അമ്പലത്തറ ഗോപകുമാറാണ് പ്രസിഡന്റ്. എ,ഐ ഗ്രൂപ്പുകൾക്ക് രണ്ടര വർഷം വീതം ഭരണം നൽകാനായിരുന്നു തീരുമാനം. എന്നാൽ കാലാവധി കഴിഞ്ഞിട്ടും അമ്പലത്തറ ഗോപകുമാർ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞില്ല. പഞ്ചായത്ത് മെമ്പറായിരുന്ന എം.എസ്.അനിലിനെ തുടർച്ചയായി കമ്മിറ്റികളിൽ പങ്കെടുക്കുന്നില്ലെന്ന കാരണം പറഞ്ഞ് പുറത്താക്കി. എം.എസ്.അനിൽ പ്രസിഡന്റായിരുന്ന മാരായമുട്ടം സർവീസ് സഹകരണ ബാങ്കിനെതിരെ അമ്പലത്തറ ഗോപകുമാറും ഇടവഴിക്കര ജയനും ചേർന്ന് അഴിമതി ആരോപിച്ച് വിജിലൻസിന് പരാതിയും നൽകി. ഇതോടെ ബാങ്ക് ഭരണം നഷ്ടപ്പെടുകയും ബാങ്ക് ഭരണം അഡ്മിനിസ്ട്രേറ്ററിന് കീഴിലാകുകയും ചെയ്തു. ഇതാണ് പ്രശ്നത്തിന് കാരണമെന്നാണ് ആരോപണം.
സസ്‌പെൻഡ് ചെയ്തു
തിരുവനന്തപുരം: പാറശാല പെരുങ്കടവിള മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഇടവനിക്കര ജയനെ മർദ്ദിച്ച സംഭവത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി മാരായമുട്ടം സുരേഷിനെ പാർട്ടിയിൽ നിന്ന് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തതായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എ.ഷാനവാസ് ഖാനെ ചുമതലപ്പെടുത്തി.