തിരുവനന്തപുരം: ആട്ടോക്കാരും യാത്രക്കാരും തമ്മിലുള്ള തർക്കം അവസാനിപ്പിക്കാൻ തലസ്ഥാനം ആട്ടോ സൗഹൃദ നഗരമാകുന്നു. ഇതിനായി ആട്ടോറിക്ഷകൾക്ക് റേറ്റിംഗ് കൊണ്ടുവരാൻ നഗരസഭ തീരുമാനിച്ചു. ഉടക്കുന്നതിനു പകരം സർവീസിനെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്തി ആട്ടോക്കാരനും യാത്രക്കാരും ഹാപ്പിയായി പിരിയാൻ കഴിയുന്നതാണ് പുതിയ പദ്ധതി. മികച്ച റേറ്റിംഗ് നേടുന്ന ആട്ടോറിക്ഷാ ഡ്രൈവർക്ക് നഗരസഭയുടെ അവാർഡ് ലഭിക്കും. 19ന് ഉച്ചയ്ക്ക് 12ന് നഗരസഭ ഓഫീസ് അങ്കണത്തിൽ മേയർ കെ. ശ്രീകുമാർ ആട്ടോ റേറ്റിംഗ് ഉദ്ഘാടനം ചെയ്യും. ജനങ്ങൾക്ക് സുരക്ഷിതമായ യാത്രാ സൗകര്യം ഒരുക്കുന്നതോടൊപ്പം ആട്ടോ ഡ്രൈവർമാരുടെ ക്ഷേമം ഉറപ്പാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
പദ്ധതി ഇങ്ങനെ
--------------------------------
ആട്ടോ ഡ്രൈവർമാർ നൽകുന്ന സേവനം വിലയിരുത്തി പോയിന്റ് അടിസ്ഥാനത്തിൽ റേറ്റ് ചെയ്യാവുന്ന വിധത്തിലാണ് പദ്ധതിക്ക് രൂപം കൊടുത്തിട്ടുള്ളത്. ഇതിനായി ഓപ്പൺ സോഴ്സ് പ്ളാറ്റ്‌ഫോമിൽ ഇന്ററാക്ടീവ് വെബ് പേജും, ഗൂഗിൾ പ്ലേ സ്റ്റോറുവഴി ഡൗൺലോഡ് ചെയ്യാവുന്ന ഹേയ് ആട്ടോ ആപ്പും സജ്ജമാക്കിയിട്ടുണ്ട്. ഓരോ ഡ്രൈവർമാർക്കും നൽകുന്ന യൂണിക് ഐ.ഡി കാർഡിൽ നിന്നും ബാർക്കോഡ്, ക്യൂ ആർ കോഡ് എന്നിവ റീഡ് ചെയ്ത് റേറ്റ് ചെയ്യുന്നതിനുള്ള സംവിധാനമാണ് നഗരസഭ ഒരുക്കിയിരിക്കുന്നത്. ഐ.ഡി കാർഡ് ലഭ്യമാകുന്നതിനായി നഗരത്തിലോടുന്ന പെർമിറ്റുള്ള ആട്ടോ ഡ്രൈവർമാർ ഡ്രൈവിംഗ് ലൈസൻസ്, ലൈസൻസിന്റെ കോപ്പി, പെർമിറ്റ് കാർഡിന്റെ കോപ്പി എന്നിവയുമായി 19ന് 12 മുതൽ നഗരസഭയിലെത്തണം. ഐ.ഡി കാർഡ് യാത്രക്കാർ കാണുന്ന വിധത്തിൽ വാഹനത്തിൽ പ്രദർശിപ്പിക്കണം. യാത്രക്കാർക്ക് പരാതി രേഖപ്പെടുത്താനുള്ള സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്. സിറ്റി ട്രാഫിക് പൊലീസുമായി ചേർന്ന് ഇവ പരിഹരിക്കുന്നതിനും നഗരസഭ നടപടി സ്വീകരിക്കും.
പദ്ധതി നടപ്പിലാകുന്നതോടെ പൂർണമായും ആട്ടോ സൗഹൃദ നഗരമായി തിരുവനന്തപുരത്തെ
മാറ്റിയെടുക്കാൻ കഴിയുമെന്നാണ് നഗരസഭയുടെ പ്രതീക്ഷ
- മേയർ കെ. ശ്രീകുമാർ