തിരുവനന്തപുരം: ഭാരത് ഭവനും നാട്യഗൃഹവും സംയുക്തമായി സംഘടിപ്പിച്ചുവരുന്ന പ്രൊഫ. ജി. ശങ്കരപ്പിള്ള നാടകോത്സവത്തിന് ഇന്ന് സമാപനമാകും. സമാപന സമ്മേളനം വൈകിട്ട് 5.30 ന് മന്ത്രി ജെ. മെഴ്സിക്കുട്ടി അമ്മ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര നടൻ രാഘവൻ വിശിഷ്ടാതിഥിയാകും. തുടർന്ന് പി.എ.എം റഷീദ് സംവിധാനം ചെയ്ത് നാട്യഗൃഹം അവതരിപ്പിക്കുന്ന 'അവതരണം ഭ്രാന്താലയം' എന്ന നാടകം അരങ്ങേറും. പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ച് രാജേഷ് കാർത്തി സംവിധാനം ചെയ്ത 'ഭരതവാക്യം' എന്ന നാടകത്തിന്റെ അവതരണം വീണ്ടും നടക്കും.
നാടകോത്സവത്തിന്റെ ആറാംദിനമായ ഇന്നലെ ഭാരത് ഭവനിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര സംവിധായകൻ ശ്യാമപ്രസാദ് നാടകരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളായ വേട്ടക്കുളം ശിവാനന്ദനെയും വഞ്ചിയൂർ ചന്ദ്രികയെയും ആദരിച്ചു. ഫെസ്റ്റിവൽ ഡയറക്ടറും ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയുമായ പ്രമോദ് പയ്യന്നൂർ അദ്ധ്യക്ഷനായിരുന്നു. പ്രൊഫ. അലിയാർ, നാട്യഗൃഹം പ്രസിഡന്റ് പി.വി. ശിവൻ എന്നിവർ പങ്കെടുത്തു. തുടർന്ന് 'ഇലപൊഴിയും കാലത്തൊരു പുലർകാലവേള', ഭരതവാക്യം' എന്നീ നാടകങ്ങൾ അരങ്ങേറി.