tom-jose
tom jose

തിരുവനന്തപുരം: പൊലീസ് സേനയിലെ അഴിമതിയാരോപണ വിവാദത്തിൽ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനെ ആരോപണനിഴലിൽ നിറുത്തി സംസ്ഥാനസർക്കാർ. സി.എ.ജി റിപ്പോർട്ടിലെ പരാമർശങ്ങളിൽ വ്യവസ്ഥാപിത നടപടിക്രമങ്ങൾ പാലിക്കുമെന്നും ബന്ധപ്പെട്ട വകുപ്പുകൾ പരിശോധിച്ച് മറുപടി നൽകുമെന്നും സംസ്ഥാനസർക്കാരിന് വേണ്ടി ചീഫ്സെക്രട്ടറി ടോം ജോസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

സി.എ.ജി റിപ്പോർട്ടിലെ വിശദാംശങ്ങൾ നിയമസഭയിൽ വയ്ക്കുന്നതിന് മുമ്പ് പുറത്തായതായി സംശയമുയർന്നിട്ടുണ്ടെന്നാണ് ചീഫ്സെക്രട്ടറിയുടെ കുറ്റപ്പെടുത്തൽ. സാധാരണഗതിയിൽ സഭയിൽ വച്ച ശേഷമാണ് റിപ്പോർട്ട് മാദ്ധ്യമങ്ങൾക്കഉൾപ്പെടെ നൽകുന്നത്. ഇത്തവണ അതിന് മുമ്പുതന്നെ റിപ്പോർട്ടിലെ ചില വിവരങ്ങൾ പുറത്തായതായാണ് സംശയമുയർന്നിരിക്കുന്നതെന്നും ചീഫ്സെക്രട്ടറി ചൂണ്ടിക്കാട്ടി. സി.എ.ജിയുടെ റിപ്പോർട്ടിന്റെ പേരിൽ ഏതെങ്കിലും ഉദ്യോഗസ്ഥനെ വ്യക്തിഹത്യ ചെയ്യുന്നത് നല്ല കീഴ്വഴക്കമല്ലെന്നു പറഞ്ഞ് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റയെ പ്രസ്താവനയിൽ ചീഫ്സെക്രട്ടറി ന്യായീകരിച്ചു.