cpm
cpm

തിരുവനന്തപുരം: പൊലീസ് അഴിമതി വിഷയത്തിൽ സി.എ.ജിയുടെ കണ്ടെത്തലുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാക്കൾ ഉയർത്തുന്ന ആരോപണം ഏറ്റുപിടിക്കേണ്ടെന്ന് സി.പി.എം നേതൃത്വത്തിൽ ധാരണ. പ്രതിപക്ഷത്തിന്റെ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നാണ് സി.പി.എം വിലയിരുത്തൽ. ഇതിന് പാർട്ടി രാഷ്ട്രീയമായി മറുപടി പറയേണ്ടതില്ല. ആരോപണങ്ങൾക്ക് ആവശ്യമെങ്കിൽ മുഖ്യമന്ത്രി മറുപടി നൽകും. സി.എ.ജിയുടെ കണ്ടെത്തലുകൾ പ്രധാനമായും 2013 മുതലിങ്ങോട്ടുള്ള കാലത്തേതാണ്. ഇന്നത്തെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കെ നടന്ന ഇടപാടുകളുടെ പരിശോധനയാണ് നടന്നിരിക്കുന്നത്. ആരോപണം പ്രതിപക്ഷം ശക്തിപ്പെടുത്തുകയാണെങ്കിൽ മുഖ്യമന്ത്രി തന്നെ യു.ഡി.എഫ് കാലത്തെ സംഭവങ്ങളിൽ വിശദീകരണം നൽകും.

സി.എ.ജി റിപ്പോർട്ടിന്മേൽ വ്യവസ്ഥാപിത മാർഗത്തിലൂടെ നീങ്ങിയാൽ മതിയെന്നാണ് ധാരണ. നിയമസഭയിൽ വച്ച റിപ്പോർട്ടിൽ നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയാണ് പരിശോധന നടത്തേണ്ടത്. ആ ഘട്ടത്തിൽ സർക്കാർ വിശദീകരണം നൽകണം. അതിന്റെ അടിസ്ഥാനത്തിൽ സഭയിൽ വരുന്ന റിപ്പോർട്ടനുസരിച്ചാണ് തുടർനടപടികൾ വേണ്ടത്. ഇന്നലെ സെക്രട്ടേറിയറ്റ് യോഗത്തിൽ മുഖ്യമന്ത്രി കാര്യങ്ങൾ വിശദീകരിച്ചതല്ലാതെ കൂടുതൽ ചർച്ച ഇതിന്മേൽ ഉണ്ടായില്ല.

പ്രധാനമായും പൗരത്വഭേദഗതിയുമായി ബന്ധപ്പെട്ട സമരപരിപാടികളുടെ വിലയിരുത്തലാണ് നടന്നത്. ജനുവരി 26ന്റെ മനുഷ്യ മഹാശൃംഖലയ്ക്ക് തുടർച്ചയുണ്ടാകണമെന്നും വനിതാമതിലിന് ശേഷമുണ്ടായത് പോലുള്ള അവസ്ഥ പാടില്ലെന്നും നിർദ്ദേശമുണ്ടായി. പാർട്ടി സ്വന്തം നിലയ്ക്കല്ല, ഇടതുമുന്നണി എന്ന നിലയ്ക്ക് കൂട്ടായി വേണം താഴെതട്ട് വരെ പ്രക്ഷോഭമെത്തിക്കാൻ. നാളെ തുടങ്ങുന്ന സംസ്ഥാനകമ്മിറ്റി യോഗത്തിൽ ഇതിന്റെ കൂടുതൽ ചർച്ച നടന്നേക്കും. മാർച്ച് 19 മുതൽ 22വരെയായുള്ള ഇ.എം.എസ്, എ.കെ.ജി ദിനാചരണങ്ങൾ ഇത്തവണ പൗരത്വഭേദഗതി വിരുദ്ധ പ്രചരണപരിപാടിയാക്കണം. ജനസംഖ്യാ രജിസ്റ്റർ നടപ്പാക്കില്ലെങ്കിലും സെൻസസ് നടപടികളുമായി സഹകരിക്കാനുള്ള സർക്കാർ തീരുമാനത്തെയും പാർട്ടി പിന്തുണയ്ക്കും. വിദഗ്ദ്ധ ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ യോഗത്തിൽ പങ്കെടുത്തേക്കും. അദ്ദേഹത്തിന് ഇനി ഇവിടെയും തുടർചികിത്സ വേണ്ടതുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ 2019ലെ വോട്ടർപട്ടിക മതിയെന്ന ഹൈക്കോടതിനിർദ്ദേശമനുസരിച്ച് നീങ്ങുന്നതാവും ഉചിതമെന്ന അഭിപ്രായം സെക്രട്ടേറിയറ്റിലുണ്ടായി.