accident-death

മലയിൻകീഴ്:നിയന്ത്രണംവിട്ട ആട്ടോറിക്ഷ തലകീഴായി മറിഞ്ഞ് യുവാവ് മരിച്ചു. യാത്രക്കാരനായ പെരുമ്പഴുതൂർ വടകോട് തേവാരക്കോട് പൂവൻവിള വീട്ടിൽ ശശി -ഗിരിജ ദമ്പതികളുടെ മകൻ എസ്.സജു (30) ആണ് മരിച്ചത്. മാറനല്ലൂർ വണ്ടന്നൂരിൽ ഇന്നലെ പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ഉത്സവപ്പറമ്പിൽ കളിപ്പാട്ടക്കച്ചവടം കഴിഞ്ഞ് സുഹൃത്തിനൊപ്പം ആട്ടോറിക്ഷയിൽ മടങ്ങവെ നിയന്ത്രണം വിട്ട ആട്ടോ തലകീഴായി മറിയുകയായിരുന്നു. ആട്ടോറിക്ഷയുടെ അടിയിൽപ്പെട്ട സജുവിനെ നാട്ടുകാർ നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന സുഹൃത്ത് നിസാര പരിക്കുകളോടെ രക്ഷപെട്ടു. മൃതദേഹം മാറനല്ലൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭാര്യ: ശരണ്യ. ആറു മാസം പ്രായമുള്ള കുഞ്ഞുണ്ട്.