uber

തിരുവനന്തപുരം: നെഞ്ചുവേദനയുമായി ആശുപത്രിയിൽ പോയ വീട്ടമ്മയെ വഴിയിൽ തള്ളി ഉൗബർ ഡ്രെെവറുടെ ക്രൂരത. തെെക്കാട് സ്വദേശിയായ വീട്ടമ്മയെയാണ് അസഭ്യവർഷം ചൊരിഞ്ഞ് ടാക്‌സി ഡ്രെെവർ വഴിയിൽ ഇറക്കിവിട്ടത്. ഡ്രൈവർ താജുദീനെതിരെ തെെക്കാട് സ്വദേശിയായ ഋതിക്ക് പൊലീസിൽ പരാതി നൽകി. ഇന്നലെ വെെകിട്ട് ആറോടെയായിരുന്നു സംഭവം. ഛർദ്ദിയും നെഞ്ചുവേദനയും അനുഭവപ്പെട്ട വീട്ടമ്മയെ ആശുപത്രിയിലാക്കാൻ മക്കളാണ് ഉൗബർ ബുക്ക് ചെയ്‌തത്. മിനിട്ടുകൾക്കുള്ളിൽ കാറെത്തി.

അമ്മയുൾപ്പെടെ അഞ്ചുപേർ ഉണ്ടെന്ന് കണ്ടതോടെ ഡ്രൈവർ ബഹളംവച്ചു. ഇതോടെ ഒരാൾ ഇറങ്ങി നാലുപേരുമായി ആശുപത്രിയിലേക്ക് പോയി. എന്നാൽ വഴി മുടക്കി ബസുകൾ കിടന്നതോടെ മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയായി. കാ‌ർ നിറുത്തിയിട്ട ഇയാൾ ബസ് മാറിയിട്ട് പോകാമെന്ന് പറഞ്ഞു. നെഞ്ചുവേദനയാണെന്നും പെട്ടെന്ന് ആശുപത്രിയിലെത്തിക്കണമെന്ന് പറഞ്ഞിട്ടും ഡ്രെെവർ തയാറായില്ല. തന്നെ വഴി പഠിപ്പിക്കണ്ടെന്ന് ആക്രോശിച്ച താജുദീൻ അസഭ്യവ‌ർഷത്തിന് ശേഷം ഓട്ടം കാൻസൽ ചെയ്‌ത് വീട്ടമ്മയെയും മക്കളെയും വഴിയിൽ ഇറക്കിവിടുകയായിരുന്നു. ഇതോടെ കുടുംബം മറ്റൊരു വാഹനത്തിൽ ആശുപത്രിയിലേക്ക് പോയി. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വീട്ടമ്മയുടെ നില തൃപ്തികരമാണ്.