supermarket

കോഴിക്കോട്: ഒരു പാക്കറ്റ് മുളകുപൊടി മോഷ്ടിച്ചു എന്നാരോപിച്ച് വീട്ടമ്മയെ സൂപ്പർമാർക്കറ്റിൽ ഏഴു മണിക്കൂർ തടഞ്ഞുവച്ച് മാനസികമായി പീഡിപ്പിച്ചതായി പരാതി. കോഴിക്കോട് നാദാപുരത്തെ റുബിയാൻ സൂപ്പർമാർക്കറ്റിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. സംഭവം വിവാദമായതിനെതുടർന്ന് സൂപ്പർമാർക്കറ്റിലെ ജീവനക്കാരായ സമദ്, കുഞ്ഞബ്ദുള്ള എന്നിവരെ നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തു.

ബില്ലിൽ ഇല്ലാത്ത മുളകുപൊടി പാക്കറ്റ് എടുത്തു എന്നാരോപിച്ചായിരുന്നു വീട്ടമ്മയെ തടഞ്ഞുവച്ചത്.

സൂപ്പർമാർക്കറ്റിലെ പുറകിലെ മുറിയിൽ കൊണ്ടുപോയാണ് രണ്ട് ജീവനക്കാർ ഭീഷണിപ്പെടുത്തിയത്. ശാരീരികമായി കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും അശ്ലീല ചുവയോടെ സംസാരിച്ചെന്നും വീട്ടമ്മ ആരോപിച്ചു.

പലതവണയായി ബില്ലിൽ ഇല്ലാത്ത സാധനങ്ങൾ സൂപ്പർമാർക്കറ്റിൽ നിന്ന് മോഷ്ടിച്ചിട്ടുണ്ടെന്ന് എഴുതി നൽകാൻ വീട്ടമ്മയോട് ഇവർ ആവശ്യപ്പെട്ടു, വീട്ടമ്മയുടെ ഫോട്ടോ എടുക്കുകയും ഒച്ചവച്ച് ബഹളമുണ്ടാക്കിയാൽ കള്ളിയെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. രാവിലെ മുതൽ ഉച്ചയ്ക്ക് മൂന്ന് വരെ മുറിക്കുള്ളിലിട്ട് ഭീഷണിപ്പെടുത്തിയെന്ന് വീട്ടമ്മ പറയുന്നു.

ആ ഭീകര നിമിഷങ്ങൾ..

പൊട്ടിക്കരഞ്ഞ് വീട്ടമ്മ പറയുന്നു

''

പയറും കടലും ഉള്ളിയും പച്ചക്കറിയും കുറച്ച് മുളകും വാങ്ങി. അത് ബില്ലാക്കി ഇറങ്ങുന്നതിനിടെ രണ്ടുപേർ എന്നെ വിളിച്ചിട്ട് ഇങ്ങോട്ട് വരാൻ പറഞ്ഞു. നിങ്ങൾ മുളക് ബില്ലാക്കിയിട്ടില്ലല്ലോ ഉള്ളിലേക്ക് വരണം എന്ന് പറഞ്ഞു. ഉള്ളിലെ കാമറയിൽ കണ്ടിട്ട് വന്നതാണെന്ന് പറഞ്ഞ് അവരെന്നെ അകത്തേക്ക് വിളിച്ച് കൊണ്ടുപോയി.

അവരെന്റെ ബാഗും ഫോണും വാങ്ങി വച്ചു. അവർ എനിക്ക് ഒരു വെള്ളപ്പേപ്പറും പേനയും തന്നു. ' ഞാൻ പല തവണയായി ബില്ലില്ലാതെ സാധനങ്ങൾ ഇവിടെ നിന്ന് എടുത്തുവെന്ന് നിങ്ങളീപേപ്പറിൽ എഴുതണമെന്ന്' നിർദ്ദേശിച്ചു.
എഴുതില്ലെന്ന് ഞാൻ പറഞ്ഞു. ഇതൊരു അമ്പത് ഉറുപ്യേടെ സാധനമാണ്. അതെനിക്ക് എടുത്ത് കൊണ്ടുപോകണ്ട കാര്യമില്ല. നിങ്ങൾ കാമറനോക്ക്, എന്നിട്ട് അതിലെന്താ ഉള്ളതെന്ന് പറ. അല്ലെങ്കിൽ എനിക്ക് കാണിച്ച് തരൂ. അതുമല്ലെങ്കിൽ എന്റെ ഫോൺ തരൂ. പൊലീസിനെ വിളിക്കൂ. അല്ലെങ്കിൽ ഞാൻ തന്നെ വിളിക്കാം എന്ന് പറഞ്ഞു.

അവരെന്റെ ഫോട്ടോ മൊബൈലിലെടുത്തു. ഇത് ഇപ്പോ സമ്മതിച്ചില്ലെങ്കി, ഇവിടെ എഴുതി ഒപ്പിട്ടില്ലെങ്കി മിനിട്ടുകൾക്കകം ഇവൾ കള്ളിയാ എന്ന് പറഞ്ഞ്‌ ഫേസ്ബുക്കിലും വാട്ട്സാപ്പിലുമിടുമെന്ന് അവർ പറഞ്ഞു. ബഹളം വച്ചാ ഒരുമിനിട്ടുകൊണ്ട്‌ലോകം മുഴുവൻ അറിയുമെന്ന് അവർ പറഞ്ഞപ്പോൾ

ഞാൻ പേടിച്ച്‌പോയി. വാ പൊത്തി അവിടെ നിന്നു. രാവിലെ ചായയൊന്നും കഴിക്കാതെ വന്നതാ. ഞാൻ തൈറോയിഡിന്റെ ഗുളിക കുഴിക്കുന്നതാ. ഇത്തിരി വെള്ളം ഞാൻ ചോദിച്ചു. അതല്ലെങ്കിൽ എന്റെ വീട്ടുകാരെ വിളിക്കാൻ പറ്റുമോ എന്ന്‌ചോദിച്ചു.

നിന്നെ ഇവിടെ സൽക്കരിക്കാനല്ല വിളിച്ചതെന്നായി സമദ്. അതല്ലെങ്കി നമുക്ക് വീട്ടിപ്പോയി വെള്ളം കുടിക്കാം, അവിടെയിപ്പോ ആരുമില്ലല്ലോ, കുട്ടികളൊക്കെ സ്‌കൂളിൽപ്പോയില്ലേ, അവിടേക്ക്‌പോയാ പിന്നെ കാര്യങ്ങൾ എളുപ്പല്ലേന്ന് അവർ പറഞ്ഞു.

എനിക്ക് തലചുറ്റി. വയ്യാണ്ട് വന്ന് ഞാനവിടെ വീണു. അപ്പോൾ അയാൾ എന്നെ ചവിട്ടി. ഒച്ചവയ്ക്കരുത്. ഞാനാകെ പേടിച്ചു പോയി. എന്റെ ഏട്ടൻ ഗൾഫിലാ. അവരൊക്കെ അവിടുന്ന്‌ ഫേസ്ബുക്കിലോ വാട്ട്സാപ്പിലോ കണ്ടാ നാണക്കേടാവില്ലേ? പേടിയായിട്ടാ മിണ്ടാതെ നിന്നത്.

കള്ളിന്നൊരുപേര് വീണില്ലേ? എനിക്ക് ആകെപേടിയാ. (കരയുന്നു) മിണ്ടാൻ പറ്റണില്ല. പുറത്തിറങ്ങാൻ പറ്റണില്ല. എനിക്കാ വിഷമം മാറുന്നില്ല. ആരെങ്കിലും ചോദിക്കുമ്പോത്തന്നെ വല്ലാണ്ട് വരണു.

സൂപ്പർ മാർക്കറ്റ് ഉടമയുടെ ഭാഷ്യം

വീട്ടമ്മയെ പിടിച്ചുവച്ചിട്ടില്ലെന്നാണ് സൂപ്പർമാർക്കറ്റ് ഉടമ സമദ് പറയുന്നത്. ഓഫീസിൽ വിളിച്ചിരുത്തുക മാത്രമാണ് ചെയ്തത്. ഭർത്താവ് വരാൻ കാത്തിരിക്കുകയായിരുന്നുവെന്നും സമദ് പറയുന്നു.