kerala-police-

തിരുവനന്തപുരം: എണ്ണയടിക്കാൻ വകയില്ലാതെ സ്റ്റേഷനിൽ കയറ്റിയിട്ട പൊലീസ് വാഹനങ്ങൾക്ക് ഇനി റോഡിലിറങ്ങാം. ഇന്ധനം അടിച്ച വകയിലെ കുടിശിക അടയ്ക്കാൻ 50 ലക്ഷം രൂപ സർക്കാർ അനുവദിച്ചു. ഒന്നര കോടിയാണ് കുടിശികയുള്ളതെങ്കിലും 50 ലക്ഷം അനുവദിച്ചതോടെ ആശ്വാസമായി. പല സ്റ്റേഷനുകളിലും ജീപ്പുകൾ പുറത്തിറക്കാനാവാത്ത അവസ്ഥയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയായതിനാൽ സർക്കാർ പണം നൽകാതായപ്പോൾ പെട്രോൾ പമ്പുകളിലെ കുടിശിക കുത്തനെ കയറി. ഇതോടെ ജീപ്പുകൾ ഉപയോഗിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി. ഒരു സ്റ്റേഷനിൽ രണ്ട് പൊലീസ് വാഹനങ്ങൾ വേണമെന്നാണ് വ്യവസ്ഥ. ഇതിനായി വാങ്ങിയ 202 വാഹനങ്ങൾ പൊലീസ് ആസ്ഥാനത്ത് നിന്നും അതാത് പൊലീസ് സ്റ്റേഷൻ ഓഫീസർമാർ ഏറ്റുവാങ്ങിയെങ്കിലും എണ്ണയടിക്കാൻ വകയില്ലാത്തതുകൊണ്ട് സ്റ്റേഷനുകളിൽ വിശ്രമിക്കുകയാണ്.

17 വർഷംകൊണ്ട് സംസ്ഥാന പൊലീസ് വാങ്ങിക്കൂട്ടിയത് 4,876 വാഹനങ്ങളാണ്. 2001 മുതൽ 2018 വരെയുള്ള വാങ്ങിയ വാഹനങ്ങളിൽ ഏറെയും ആഡംബര വാഹനങ്ങളാണ്. 2001 മുതൽ 2007 വരെ 899 ഡീസൽ ജീപ്പ് വാങ്ങിയെങ്കിലും ഇതിൽ ഒന്നുപോലും ഇപ്പോൾ ഉപയോഗത്തിലില്ല. കുറഞ്ഞത് 15 വർഷമെങ്കിലും വാഹനം ഉപയോഗിക്കാമെന്നിരിക്കെ 2007 മുതൽ 2015 വരെ 95 ഇന്നോവ കാറുകൾ വാങ്ങി.