ഡൽഹിയിൽ കാര്യങ്ങൾ തെറ്റിയെങ്കിലും ജനവിധി പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ പട്ടികയ്ക്കും എതിരെയല്ല.
- അമിത് ഷാ
ജനങ്ങൾ എതിരെയല്ല, നേരെ തന്നെ നീങ്ങിയെന്ന് ഡൽഹി തെളിയിച്ചു.
പാർട്ടി ഏല്പിക്കുന്ന ഏത് ചുമതലയോടും നേതാവെന്ന നിലയിൽ പുലർത്തേണ്ട ഉത്തരവാദിത്വം നിർവഹിക്കാത്തവരെ കെ.പി.സി.സിക്ക് വേണ്ട.
- മുല്ലപ്പള്ളി രാമചന്ദ്രൻ
പി.സി. ചാക്കോയെ കേരളത്തിന് വേണ്ട എന്നാണോ പറഞ്ഞുവരുന്നത്.
സി.എ.ജി റിപ്പോർട്ടിന്റെ പേരിൽ ഏതെങ്കിലും ഉദ്യോഗസ്ഥനെ വ്യക്തിഹത്യ ചെയ്യുന്നത് നല്ല കീഴ്‌വഴക്കമല്ല.
- ടോം ജോസ്
ചീഫ് സെക്രട്ടറി
നല്ല മെയ്‌വഴക്കമുണ്ടെങ്കിൽ കീഴ്‌വഴക്കം ഒരു പ്രശ്നമല്ല.
ഒരാളുടെ ഭക്ഷണത്തെപ്പറ്റി തീരുമാനിക്കാനുള്ള പൂർണ അധികാരം അയാൾക്കാണെന്ന വാദത്തിൽ ഉറച്ചുനിൽക്കുന്നു.
- ജയറാം രമേഷ്
അയാളുടെ ഭാര്യയ്ക്ക് ഒരു റോളുമില്ലേ?
രാജ്യത്തെ 65 ശതമാനം ജനങ്ങൾക്കും ജനന സർട്ടിഫിക്കറ്റില്ല.
- ശശി തരൂർ എം.പി
പത്തറുപത് വർഷം കോൺഗ്രസ് ഭരിച്ചതല്ലേ. കൊടുക്കാഞ്ഞതെന്ത്?
എന്റെ വീട്ടിലൊക്കെ മദ്യപരും മറ്റും അർദ്ധരാത്രിയിൽ പോലും വന്ന് തട്ടി വിളിച്ച് ചോറ് ചോദിക്കാറുണ്ട്. എഴുത്തുകാരന്റെ വീട്ടിൽ വരാൻ സമയം നോക്കേണ്ട ആവശ്യം പോലുമില്ലെന്ന് കരുതുന്നവരുടെ നാടാണിത്.
- എം. മുകുന്ദൻ
ഇത്ര മര്യാദകേട് കാണിക്കണമെങ്കിൽ, സംശയമില്ല അത് സ്വന്തം നോവലുകളിലെ പഴയ കഥാപാത്രങ്ങൾ തന്നെയാവും.
ഡി.ജി.പി ബഹ്‌റയെ പുറത്താക്കി സി.ബി.ഐ, എൻ.ഐ.എ അന്വേഷണം പ്രഖ്യാപിക്കണം
- രമേശ് ചെന്നിത്തല
നടക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ട് ഇന്റർപോൾ അന്വേഷണം കൂടി ആവശ്യപ്പെടാമായിരുന്നു.
സ്തുതിപാഠകരെയും വിഡ്ഢികളെയും ഒ.എൻ.വി കുറുപ്പ് ഒരുപോലെ കണ്ടു.
- അടൂർ ഗോപാലകൃഷ്ണൻ
വിഡ്ഢികളുടെ സ്വർഗം തീർക്കുന്നതു തന്നെ സ്തുതിപാഠകരാണല്ലോ.
സി.എ.ജി റിപ്പോർട്ടിന് പ്രതിപക്ഷം പവിത്രത കല്പിക്കുന്നത് വിരോധാഭാസമാണ്. യു.പി.എ സർക്കാരിന്റെ കാലത്ത് ശതകോടികളുടെ ക്രമക്കേട് സി.എ.ജി കണ്ടെത്തിയിരുന്നു.
- കാനം രാജേന്ദ്രൻ
സി.എ.ജി റിപ്പോർട്ടെന്നാൽ 'ഉണ്ടയില്ലാ വെടി" എന്നാണോ ഉദ്ദേശിച്ചത്.