health

വേനൽക്കാലം കടുത്തതോടെ രോഗങ്ങളും വരവായി. നേത്ര രോഗങ്ങൾ കൂടുതലായി കാണുന്നത് ഏപ്രിൽ, മേയ് മാസങ്ങളിലാണ്. അന്തരീക്ഷത്തിലെ ചൂട് വർദ്ധിക്കുകയും പൊടിപടലങ്ങൾ കൂടുകയും ചെയ്യുമ്പോൾ കണ്ണിന്റെ രോഗങ്ങളും ഉണ്ടാകുന്നു.വളരെ സാധാരണയായി വേനൽക്കാലത്ത് കാണുന്ന നേത്രരോഗങ്ങളാണ് ചെങ്കണ്ണ്, അലർജി, ഡ്രൈ ഐ, കൺകുരു എന്നിവ.

ഏറ്റവും കൂടുതൽ ഉണ്ടാകുന്ന രോഗമാണ് ചെങ്കണ്ണ്. ബാക്ടീരിയ അല്ലെങ്കിൽ വൈറസ് അണുബാധ മൂലം ഈ രോഗം ഉണ്ടാകാം.കണ്ണിന് ചുവപ്പ്, പോളവീക്കം, പഴുപ്പ്, കണ്ണുനീരൊലിപ്പ് എന്നീ രോഗലക്ഷണങ്ങൾ ഉണ്ടാകാം. കണ്ണു തുറക്കാൻ സാധിക്കാത്തവിധം പീള കെട്ടൽ, നീറ്റൽ എന്നിവയും കണ്ടേക്കാം.

പ്രധാനമായും രോഗിയുമായി സമ്പർക്കത്തിലൂടെയാണ് പടരുന്നത്. എന്നാൽ രോഗമുള്ള വ്യക്തിയെ നോക്കുന്നതുകൊണ്ട് പടരില്ല.രോഗലക്ഷണങ്ങൾ കണ്ടാലുടൻ നേത്രരോഗ വിദഗ്ദ്ധന്റെ നിർദ്ദേശപ്രകാരം മരുന്ന് ഉപയോഗിക്കണം. ഇതോടൊപ്പം ശുദ്ധജലത്തിൽ കണ്ണ് ഇടയ്ക്കിടെ കഴുകുകയും വേണം.

അലർജിക്കെതിരെ തുള്ളിമരുന്നുകൾ ഉപയോഗിക്കുന്നതിനൊപ്പം തന്നെ ചില പ്രതിരോധ മാർഗങ്ങൾ കൂടി സ്വീകരിക്കാം.സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷണം തരുന്ന അൾട്രാവയലറ്റ് രശ്മികളെ തടയാൻ കഴിയുന്ന സൺഗ്ളാസുകൾ ഉപയോഗിക്കുക.സ്വിമ്മിങ്ങ് പൂൾ ഉപയോഗിക്കുമ്പോൾ നീന്തൽക്കാർ ഉപയോഗിക്കുക പ്രത്യേകതരം കണ്ണട ഉപയോഗിക്കുക. ഇത് ക്ളോറിൻ മൂലം കണ്ണിനുണ്ടാകുന്ന അസ്വസ്ഥത തടയും.

എ.സി റൂമിൽ ജോലിചെയ്യേണ്ടിവരുന്നവർ എ.സിയുടെ ഡ്രാഫ്റ്റിന് അഭിമുഖമായി ഇരിക്കരുത്.

കണ്ണ് ഇടയ്ക്കിടെ തണുത്ത വെള്ളത്തിൽ കഴുകണം.

കമ്പ്യൂട്ടർ ഉപയോഗിക്കുന്ന വ്യക്തികൾക്ക് ശരിയായ വിഷ്വൽ ഹൈജീൻ പാലിക്കാതെയിരുന്നാൽ കണ്ണിന് വരൾച്ച അനുഭവപ്പെടും. ഇതിന് പരിഹാരമായി ഇ‌ടയ്ക്ക് കണ്ണുകൾക്ക് വിശ്രമം നൽകുകയും ഇമ ചിമ്മുകയും ചെയ്താൽ കണ്ണുനീരിന്റെ നനവ് സംരക്ഷിക്കാം.

ഇലക്കറികളും പോഷകസമൃദ്ധമായ ഭക്ഷണവും ഒരു ശീലമാക്കുക. ധാരാളം ശുദ്ധജലം കുടിക്കുക.

കണ്ണിന്റെ ഓയിൽ ഗ്രന്ഥികൾ അടഞ്ഞ് കൺപീലിയിൽ കുരുക്കൾ ഉണ്ടാകാം. പോളയ്ക്ക് നീരുണ്ടെങ്കിൽ ചൂടുവയ്ക്കുകയും ആന്റിബയോട്ടിക് മരുന്ന് ഉപയോഗിക്കുകയും ചെയ്യാം. എന്നാൽ കൺകുരു കട്ടിയായാൽ ലഘുവായ ഒരു സർജറിയിലൂടെ പഴുപ്പ് നീക്കംചെയ്യേണ്ടിവന്നേക്കാം.

ശരിയായ വ്യക്തിശുചിത്വത്തിലൂടെയും കൃത്യമായ ചികിത്സയിലൂടെയും വേനൽക്കാല നേത്ര രോഗങ്ങൾ നമുക്ക് തടയാം.

ഡോ. അഞ്ജു ഹരീഷ്

കൺസൽട്ടന്റ് ഒപ്‌താൽമോളജിസ്റ്റ്,

എസ്.യു.ടി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.

ഫോൺ: 0471 - 4077777.