കടയ്ക്കാവൂർ: അഞ്ചുതെങ്ങ് പഞ്ചായത്തിൽ മാവേലി സ്റ്റോർ വേണമെന്ന നാട്ടുകാരുടെ ആവശ്യം ചെവിക്കൊള്ളാതെ അധികൃതർ.

മത്സ്യത്തൊഴിലാളികളും സാധാരണ കൂലിപ്പണിക്കാരും തിങ്ങിപ്പാർക്കുന്ന ഇവിടെ മാവേലി സ്റ്റോർ വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് 9 വർഷത്തിലേറെ പഴക്കമുണ്ട്.

പ്രകൃതിക്ഷോഭവും കടൽക്ഷോഭവും മൂലം വർഷത്തിൽ നാലു മാസത്തിൽ കൂടുതൽ പട്ടിണിയോട് മല്ലിടുന്ന പ്രദേശമായതിനാൽ അഞ്ചുതെങ്ങിൽ മാവേലിസ്റ്റോർ വേണമെന്ന് വിവിധ രാഷ്ടീയ നേതാക്കന്മാരും ഉദ്യോഗസ്ഥ പ്രമുഖരും തലകുലുക്കി സമ്മതിക്കുന്ന കാര്യമാണ്. വകുപ്പു മന്ത്രിമാർ പലരും അഞ്ചുതെങ്ങിൽ പങ്കെടുത്ത പലയോഗങ്ങളിലും അഞ്ചുതെങ്ങിൽ മാവേലി സ്റ്റോർ ഉടൻ എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സിവിൽ സപ്ളൈയ്ക്കും ഇതുതന്നെയാണ് അഭിപ്രായം. ഇതനുസരിച്ച് മാവേലി സ്റ്റോർ അനുവദിച്ചു. കെട്ടിടവും മറ്റ് സൗകര്യങ്ങളും പഞ്ചായത്ത് നൽകണമെന്ന വ്യവസ്ഥയും സിവിൽ സപ്ളെ വച്ചു. ഇതനുസരിച്ച് പഞ്ചായത്ത് ഓഫീസിനോട് ചേർന്നുള്ള പഞ്ചായത്തു വക കെട്ടിടം മാവേലി സ്റ്റോറിനായി വിട്ടുകൊടുക്കാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. സിവിൽ സപ്ളൈ ഉദ്യോഗസ്ഥർ കെട്ടിടം നോക്കി മാവേലി സ്റ്റോറിന് അനുയോജ്യമാണന്ന് വിലയിരുത്തുകയും ഒരു ലക്ഷം രൂപ പഞ്ചായത്ത് ഡിപ്പോസിറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടതായും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അവസ്ഥ വിവരിച്ചപ്പോൾ ഡിപ്പോസിറ്റിൽ നിന്ന് ഒഴിവാക്കാമെന്ന് സമ്മതിച്ചതായും അറിയുന്നു. എന്നാൽ വർഷം ഒന്ന് കഴിഞ്ഞിട്ടും മാവേലി സ്റ്റോർ ഇവിടെ എത്തിയിട്ടില്ല.

ഡെപ്യൂട്ടി സ്പീക്കറുടെ നിയോജക മണ്ഡലമായതിനാൽ അടിയന്തരമായി മാവേലി സ്റ്റോർ സ്ഥാപിക്കാൻ അഞ്ചുതെങ്ങിൽ അദ്ദേഹം തന്നെ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.