തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് കോർപ്പറേഷനുകളുടെ കീഴിൽ ഇലക്ട്രിക് വാഹനങ്ങൾക്കായി ഇ-ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള നടപടികൾ വേഗത്തിലാക്കി വൈദ്യുതി ബോർഡ്. ഡിസംബറിന് മുമ്പ് ആറ് കേന്ദ്രങ്ങളിലും ഇവ നിലവിൽ വരുമെന്ന് കെ.എസ്.ഇ.ബി ചെയർമാൻ എൻ.എസ് പിള്ള 'ഫ്ളാഷി'നോട് പറഞ്ഞു. സംസ്ഥാനത്ത് സാമ്പത്തിക ഞെരുക്കത്തിന്റെ ഭാഗമായി പുതിയ വാഹനങ്ങൾ വാങ്ങുന്നത് തത്കാലം ഒഴിവാക്കി ഇലക്ട്രിക് വാഹനങ്ങൾ വാടകയ്ക്ക് എടുത്ത് ഓടിക്കുമെന്ന് ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരുന്നു. അത് പ്രാബല്യത്തിലാകുന്നതോടെ സർക്കാർ വകുപ്പുകളിൽ ഇ- വാഹനങ്ങൾ എത്തിത്തുടങ്ങും. അതോടെ ഇവ ചാർജ് ചെയ്യാനുള്ള പൊതുകേന്ദ്രങ്ങളുടെ ആവശ്യം വർദ്ധിക്കുകയും ചെയ്യും. ഇതുകൂടി മുന്നിൽകണ്ടാണ് ഇ- ചാർജിംഗ് കേന്ദ്രങ്ങൾ എത്രയുംവേഗം നടപ്പാക്കാനുള്ള കെ.എസ്.ഇ.ബിയുടെ നീക്കം.
100 രൂപയ്ക്ക് ഫുൾ ചാർജ്
യൂണിറ്റിന് അഞ്ച് രൂപാ നിരക്കിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് വൈദ്യുതി വിൽക്കണമെന്നാണ് കെ.എസ്.ഇ.ബിക്ക് റെഗുലേറ്ററി കമ്മിഷൻ നൽകിയിരിക്കുന്ന നിർദ്ദേശം. ഇക്കാര്യത്തിൽ അന്തിമ തീരുമാനം വൈദ്യുതി ബോർഡ് എടുത്തിട്ടില്ല. കമ്മിഷന്റെ നിർദ്ദേശം കണക്കാക്കിയാൽ 20 കിലോവാട്ടിന്റെ ബാറ്ററി ഒരു മണിക്കൂർ ചാർജ് ചെയ്യാൻ 20 യൂണിറ്റ് വൈദ്യുതി ആകും. യൂണിറ്റിന് അഞ്ചുരൂപാ വച്ച് കണക്കാക്കിയാൽ ഒരു സാധാരണ കാറിന്റെ ബാറ്ററി മുഴുവൻ ചാർജ് ചെയ്യാൻ 100 രൂപയോളം ചെലവു വരും. ഒരു രൂപയ്‌ക്ക് ചാർജ് ചെയ്‌താൽ ഒന്നരക്കിലോമീറ്റർ വാഹനം ഓടിക്കാനാകും. ഇപ്പോൾ നിരത്തിലുള്ള ഇലക്‌ട്രിക് കാറിന്റെ ബാറ്ററി ശേഷി 14 കിലോവാട്ട് ആണ്. ഒരു തവണ ഫുൾചാർജ് ചെയ്‌താൽ 150 കിലോമീറ്റർ വരെ ഓടിക്കാം.
ഇവിടെയൊക്കെ
ഇ- ചാർജിംഗ് സ്റ്റേഷൻ സ്ഥാപിക്കുന്നതിനുവേണ്ടിയുള്ള ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. ടെൻഡർ സമർപ്പിച്ച കമ്പനികളുടെ ടെക്‌നിക്കൽ ക്വാളിഫിക്കേഷൻ പരിശോധന പുരോഗമിക്കുകയാണ്. നേമം (തിരുവനന്തപുരം), ഓലയിൽ (കൊല്ലം), കലൂർ (എറണാകുളം), വിയ്യൂർ (തൃശൂർ), നല്ലളം (കോഴിക്കോട്), ചൊവ്വ (കണ്ണൂർ) എന്നിവിടങ്ങളിലാണ് സ്റ്റേഷനുകൾ തുടങ്ങുക.
1.68 കോടിയിൽ നിൽക്കില്ല
പദ്ധതി ചെലവിന് 1.68 കോടി രൂപയാകുമെന്നായിരുന്നു വൈദ്യുതി ബോർഡ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ, 1.68 കോടിയിൽ പദ്ധതി നിൽക്കില്ലെന്ന് ബോർഡ് വൃത്തങ്ങൾ പറഞ്ഞു. കേരളത്തിൽ ഇ- ചാർജിംഗ് സ്റ്റേഷനുകൾ ആദ്യത്തെ പരീക്ഷണമാണ്. അതുകൊണ്ട് ടെൻഡർ സമർപ്പിച്ച കമ്പനികളുമായി നടത്തുന്ന വിശദ ചർച്ചകൾക്ക് ശേഷമേ പദ്ധതി ചെലവ് നിശ്ചയിക്കാനാകൂവെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്.
64 എണ്ണം പിന്നാലെ
കേന്ദ്ര സർക്കാർ നിർദ്ദേശ പ്രകാരം രണ്ടാംഘട്ടത്തിൽ സ്വകാര്യ ഏജൻസികളുമായി സഹകരിച്ച് വൈദ്യുതി ബോർഡ്, ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനുളള നടപടികളും മുന്നോട്ട് നീക്കുകയാണ്. സ്വകാര്യ വ്യക്തികളും ഏജൻസികളും ഉൾപ്പെടെയുള്ളവരുടെ സ്ഥലങ്ങളിൽ 64 ചാർജിംഗ് സ്റ്രേഷനുകളാകും സ്ഥാപിക്കുക. ഒരുലക്ഷത്തിന് മുകളിൽ ജനസംഖ്യയുള്ള നഗരങ്ങളിൽ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനാണ് കേന്ദ്ര നിർദേശം. ആറ് ജില്ലകൾക്ക് പുറമേ മലപ്പുറം ജില്ലയിൽ കൂടി സ്വകാര്യ സ്റ്റേഷനുകൾ അനുവദിക്കും.
സ്വകാര്യ ഏജൻസികളുമായി സഹകരിച്ച് തുടങ്ങുന്ന ചാർജിംഗ് സ്റ്റേഷനുകളുടെ കാര്യത്തിൽ കെ.എസ്.ഇ.ബിയുടെ ഉന്നതതല യോഗം വിശദമായ രൂപരേഖ തയാറാക്കി. ഇരുപതോളം സ്വകാര്യ കമ്പനികളും വ്യക്തികളും ചാർജിംഗ് സ്റ്റേഷനുവേണ്ടിയുള്ള താത്പര്യമറിയിച്ച് കെ.എസ്.ഇ.ബിയെ സമീപിച്ചിട്ടുണ്ട്. 64 ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനെപ്പറ്റിയുള്ള മാസ്റ്റർ പ്ലാൻ ഈ മാസം 28ന് മുമ്പ് കേന്ദ്രത്തിന് കൈമാറാനാണ് കെ.എസ്.ഇ.ബി ശ്രമമെന്ന് ചെയർമാൻ എൻ.എസ് പിള്ള പറഞ്ഞു.