ഈ രാജ്യത്ത് എന്താണു സംഭവിക്കുന്നതെന്ന് രോഷാകുലനായി ചോദിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് അരുൺ മിശ്രയുടെ മാനസിക സംഘർഷം ആർക്കും മനസിലാകും. അത്രയേറെ കുത്തഴിഞ്ഞ നിലയിലാണ് രാജ്യത്ത് കാര്യങ്ങൾ നടക്കുന്നത്. കോടതി ഉത്തരവുകൾ പോലും പരസ്യമായി ലംഘിക്കപ്പെടുന്നു. ഉത്തരവു ലഭിച്ചിട്ടും അതു നടപ്പാക്കാൻ കൂട്ടാക്കാത്ത സർക്കാരിനും ഉദ്യോഗസ്ഥർക്കുമെതിരെ കോടതിയലക്ഷ്യ ഹർജിയുമായി വീണ്ടും കോടതി കയറേണ്ടിവരുന്നു. കോടതി കയറിയിറങ്ങാനുള്ള പണമോ ആൾബലമോ ഇല്ലാത്ത സാധാരണക്കാർ ഇതൊക്കെ തങ്ങളുടെ വിധിയെന്നു സമാധാനിച്ചു ഒതുങ്ങിക്കൂടാൻ നിർബന്ധിതരാകുന്നു. എവിടെയും നിയമലംഘനങ്ങളുടെ നിലയ്ക്കാത്ത ഘോഷയാത്രയാണ്. കോടതി ഉത്തരവുകൾ നടപ്പാക്കുകയല്ല എങ്ങനെ നടപ്പാക്കാതിരിക്കാമെന്നാണ് ഉദ്യോഗസ്ഥർ തലപുകഞ്ഞ് ആലോചിക്കുന്നത്. നിയമവും നീതിയുമൊക്കെ അട്ടിമറിക്കുന്നതിന് മൂകസാക്ഷികളായി നിൽക്കേണ്ട ഗതികേടിലാണ് പലപ്പോഴും കോടതികളും.
രാജ്യത്തെ ടെലികോം കമ്പനികൾ സ്പെക്ട്രം എടുത്ത വകയിലും ലൈസൻസ് ഫീ ഇനത്തിലും സർക്കാരിനു നൽകേണ്ട 1.47 ലക്ഷം കോടി രൂപ ഉടനടി അടയ്ക്കണമെന്നു കാണിച്ച് ജസ്റ്റിസ് അരുൺ മിശ്രയുടെ അദ്ധ്യക്ഷതയിലുള്ള സുപ്രീംകോടതി ബെഞ്ച് ഉത്തരവിട്ടത് ഇക്കഴിഞ്ഞ ഒക്ടോബറിലാണ്. എന്നാൽ കമ്പനികളിൽ ഒന്നുപോലും ഒരു പൈസ ഇന്നേവരെ അടച്ചില്ല. അതിനെക്കാൾ അമ്പരപ്പിക്കുന്നത് ടെലികോം വകുപ്പിലെ ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ ഈ വിഷയത്തിൽ കൈക്കൊണ്ട വിചിത്ര തീരുമാനമാണ്. കോടതി വിധി അവിടെ നിൽക്കട്ടെ എന്ന മട്ടിലായിരുന്നു ഉദ്യോഗസ്ഥന്റെ നടപടി. മാത്രമല്ല കുടിശിക ഈടാക്കുന്ന വിഷയത്തിൽ കമ്പനികളെ നിർബന്ധിക്കുന്ന തരത്തിൽ ഉത്തരവുകളൊന്നും നൽകരുതെന്ന് അക്കൗണ്ടന്റ് ജനറലിന് നിർദ്ദേശവും നൽകി. ഫലത്തിൽ 2019 ഒക്ടോബറിലെ സുപ്രീംകോടതി ഉത്തരവ് മരവിപ്പിക്കുന്നതിനു തുല്യമായ അതീവ ഗുരുതരമായ നടപടിയാണിത്. ജസ്റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിനെ ഏറെ പ്രകോപിപ്പിച്ചതും അത്യസാധാരണമായ ഈ നടപടിയാണ്. സുപ്രീംകോടതിക്കും അതിന്റെ ഉത്തരവിനും ഒരു വിലയുമില്ലെന്നല്ലേ ഈ സംഭവം വ്യക്തമാക്കുന്നതെന്ന ജസ്റ്റിസ് മിശ്രയുടെ ചോദ്യം യഥാർത്ഥത്തിൽ ചെന്നുകൊള്ളുന്നത് രാഷ്ട്രീയാന്ധത ബാധിച്ച ഭരണകൂടത്തിന്റെ നെഞ്ചിൽത്തന്നെയാണ്. കോടതി ഉത്തരവ് കാര്യമാക്കാനില്ലെന്ന മട്ടിൽ ടെലികോം വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ എഴുതിയ കുറിമാനത്തിനു പിന്നിൽ സർക്കാർ തന്നെയാണുള്ളതെന്നു മനസിലാക്കാൻ വിശേഷബുദ്ധിയൊന്നും വേണ്ട. സുപ്രീംകോടതിയെക്കാൾ വലിയ ആൾ താനാണെന്ന മട്ടിൽ എ.ജിക്ക് നിർദ്ദേശം നൽകിയ ഉദ്യോഗസ്ഥനെതിരെ കോടതിയലക്ഷ്യ നടപടിക്കൊരുങ്ങുകയാണു കോടതി. കുടിശിക അടയ്ക്കാനുള്ള കോടതി ഉത്തരവു ധിക്കരിച്ചതിന് ടെലികോം കമ്പനികളുടെ മേധാവികളും സമാധാനം പറയേണ്ട സ്ഥിതിയിലാണിപ്പോൾ. മൂന്നംഗ ബെഞ്ചിന്റെ കർക്കശ നിലപാടിനെത്തുടർന്ന് എ.ജിക്കു നൽകിയ വിവാദ കത്ത് ടെലികോം വകുപ്പ് വെള്ളിയാഴ്ച തന്നെ പിൻവലിക്കുകയുണ്ടായി. കുടിശിക വെള്ളിയാഴ്ച രാത്രി 12 മണിക്കു മുമ്പ് അടയ്ക്കണമെന്നു കാണിച്ച് കമ്പനികൾക്കെല്ലാം നോട്ടീസും നൽകി.
ടെലികോം കമ്പനികളുടെ വരുമാനവുമായി ബന്ധപ്പെട്ട് തർക്കം ഉടലെടുത്തിട്ട് വർഷങ്ങളായി. ക്രമീകരിച്ച മൊത്ത വരുമാനം കണക്കാക്കുന്നതിന് കമ്പനികൾ സ്വീകരിച്ച മാർഗം തർക്കവിഷയമായിരുന്നു. മൊത്തം വരുമാനത്തിന്റെ മൂന്നര ശതമാനം സർക്കാരിനു നൽകണമെന്ന നിലപാടിലായിരുന്നു സർക്കാർ. ഇതിനെ ചോദ്യം ചെയ്ത ടെലികോം കമ്പനികളുടെ ഹർജി നേരത്തെ ടെലികോം അപ്പലേറ്റ് ട്രൈബ്യൂണൽ ശരിവച്ചിരുന്നു. എന്നാൽ പ്രശ്നം സുപ്രീംകോടതിയിൽ എത്തിയപ്പോൾ സർക്കാരിനനുകൂലമായിട്ടായിരുന്നു വിധി. ഇത്രയും കൊല്ലത്തെ കുടിശികയായ 1.47 ലക്ഷം കോടി രൂപ കമ്പനികൾ നൽകണമെന്നും വിധിയിൽ നിർദ്ദേശിച്ചിരുന്നു. ഈ വിധി യഥാസമയം നടപ്പാക്കാതെ സാവകാശം നൽകിയതിന്റെ പേരിലാണ് സുപ്രീംകോടതി ബെഞ്ച് വെള്ളിയാഴ്ച പൊട്ടിത്തെറിച്ചതും അസാധാരണ ക്ഷോഭ പ്രകടനങ്ങൾക്ക് കോടതി മുറി വേദിയായതും.
മനസ്സാക്ഷിയെ നടുക്കുന്ന കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന ജസ്റ്റിസ് മിശ്രയുടെ പരാമർശം താത്കാലിക ക്ഷോഭത്തിൽ നിന്നുണ്ടായതാണെന്നു കരുതാനാവില്ല. കോടതി ഉത്തരവ് നടപ്പാക്കാതെ അതു തടഞ്ഞുവയ്ക്കാൻ ധൈര്യം കാണിക്കുന്ന ഉദ്യോഗസ്ഥർ വാഴുന്ന ഈ നാട്ടിൽ സുപ്രീംകോടതിക്കു പോലും എന്തു വിലയാണുള്ളതെന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന് ഉത്തരം നൽകേണ്ടത് ഭരണകൂടം തന്നെയാണ്. വെള്ളിയാഴ്ച തന്നെ മറ്റൊരു കേസ് പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ബോബ്ഡെയും നീതി നടത്തിപ്പിലെ അതിരുവിട്ട ഇടപെടലുകൾക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിരുന്നു. കീഴ് കോടതികൾ പരിഗണിക്കേണ്ട കേസുകൾ പോലും സുപ്രീംകോടതിയിൽ എത്തിക്കൊണ്ടിരിക്കുന്നതിനെയാണ് അദ്ദേഹം ചോദ്യം ചെയ്തത്. സുപ്രീംകോടതിയുടെ പ്രാധാന്യം മറന്നുകൊണ്ടാണ് പലരും പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുകയും ചെയ്തു. നിയമവാഴ്ചയെ ദുർബലപ്പെടുത്തുകയോ അപഹസിക്കുകയോ ചെയ്യുന്ന പ്രവൃത്തികൾ എത്രമാത്രം ആപത്കരമാണെന്ന് അതിനു മുതിരുന്നവർ തിരിച്ചറിയുന്നില്ല. വാദിക്കാൻ പൊതു ഖജനാവിൽ പണമുള്ളതുകൊണ്ടുമാത്രം എത്രയെത്ര കേസുകൾ ഹൈക്കോടതികളിലും സുപ്രീംകോടതിയിലും എത്തുന്നുണ്ട്. അതുപോലെ കോടതി ഉത്തരവുകൾ സർക്കാർ നടപ്പാക്കാത്തതിന്റെ പേരിൽ വ്യക്തികളും സ്ഥാപനങ്ങളും കോടതികൾ കയറിയിറങ്ങേണ്ടിവരുന്നു. കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഒരുത്തരവ് നടപ്പാക്കാതിരുന്നതിന്റെ പേരിൽ സംസ്ഥാന വ്യവസായ വകുപ്പ് ഡയറക്ടർ വനം വകുപ്പ് പറയുന്ന ഇടങ്ങളിൽ നൂറു മരങ്ങൾ നടണമെന്ന് ഉത്തരവ് ഇറങ്ങിയത് കഴിഞ്ഞ ദിവസമാണ്. ഇതിനെക്കാൾ കഠിനമായ ശിക്ഷകളാണ് കോടതി ആദ്യം വിധിച്ചതെങ്കിലും അഭിഭാഷകന്റെ അപേക്ഷ കണക്കിലെടുത്താണ് മരങ്ങൾ നട്ട് പ്രായശ്ചിത്തം ചെയ്യട്ടെ എന്നു കോടതി വിധിച്ചത്. ഡൽഹിയിൽ മാത്രമല്ല രാജ്യത്തെമ്പാടും കോടതി ഉത്തരവുകൾ ധിക്കരിക്കുന്ന പ്രവണത വർദ്ധിച്ചുകൊണ്ടിരിക്കുന്നുവെന്നു ചൂണ്ടിക്കാണിക്കാൻ മാത്രമാണ് ഈ കേസ് ഇവിടെ പരാമർശിച്ചത്.