pic1

പാലോട്: നന്ദിയോട്ടെ കുടിവെള്ള പ്ലാന്റിലെ ഓവർ ഹെഡ് ടാങ്കുകളുടെ നിർമ്മാണം വൈകുന്നത് പഞ്ചായത്തിലെ വിവിധ മേഖലകളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാക്കുന്നു. വേനൽക്കാലത്തിന്റെ തുടക്കത്തിൽ തന്നെ ഒട്ടുമിക്ക പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ വേനൽ കടുക്കുന്നതോടെ സ്ഥിതി ഭയാനകമാകാനാണ് സാദ്ധ്യത. ഇതോടൊപ്പം റോഡ് വികസനത്തിന്റെ പേരിലുള്ള പ്രവർത്തനങ്ങൾക്കിടെ കുടിവെള്ള പൈപ്പുകൾ പലയിടത്തും പൊട്ടിയതും ജലവിതരണത്തെ ബാധിച്ചിട്ടുണ്ട്.

പത്തുവർഷം മുമ്പ് 60 കോടി രൂപ ചെലവിൽ ആരംഭിച്ച പദ്ധതിയുടെ ഭൂരിഭാഗവും പൂർത്തിയായിട്ടും ടാങ്ക് നിർമ്മാണം വൈകുന്നത് നന്ദിയോട് ഗ്രാമപഞ്ചായത്തിലെ നൂറുകണക്കിന് കുടുംബങ്ങളുടെ കുടിനീരെന്ന സ്വപ്നം അകലെയാക്കുകയാണ്. പദ്ധതി കൊണ്ട് ഏറെ പ്രയോജനം ചെയ്യുന്ന മൂന്നു സ്ഥലങ്ങൾ നന്ദിയോട് പഞ്ചായത്തിലും രണ്ട് സ്ഥലങ്ങൾ ആനാട് ഗ്രാമപഞ്ചായത്തിലുമാണ്.

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടത്തിപ്പ്. നിശ്ചയിച്ച പ്രകാരം പദ്ധതി പൂർത്തീകരിക്കുകയാണെങ്കിൽ നഗരത്തിലേതുപോലെ ശുദ്ധമായ കുടിവെള്ളം ഗ്രാമപ്രദേശങ്ങളിലും എത്തിക്കാനാകും.

ആലംപാറ, വലിയ താന്നിമൂട്, ആലുങ്കുഴി, ചുള്ളിമാനൂർ, കൈതക്കാട് എന്നീ സ്ഥലങ്ങളിൽ സ്ഥാപിക്കേണ്ട ഓവർ ഹെഡ് ടാങ്കുകളുടെ നിർമ്മാണം പൂർത്തിയാകാത്തത്.