ആര്യനാട്: നഗരസഭ ഏറ്റെടുത്ത് പേഴുംമൂട് കടുവാകുഴി അർഷാദിന്റെ ഉടമസ്ഥതയിലുള്ള ഫാമിലെത്തിച്ച പശുക്കൾക്ക് ഭക്ഷണവുമായി സംവിധായകൻ ആർ.എസ്. വിമൽ എത്തി. നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഐ.പി. ബിനുവിനൊപ്പം ഫാമിലെത്തിയ അദ്ദേഹം 400 കിലോ തീറ്റയാണ് കൈമാറിയത്. പശുക്കളുടെ കൂടുതൽ വിവരങ്ങൾ ചോദിച്ച് മനസിലാക്കിയ വിമൽ ഫാമിലെ പശുക്കുട്ടികളിൽ ഒന്നിന് തന്റെ മകന്റെ പേരായ അപ്പു എന്ന് വിളിപ്പേര് നൽകി. ഒരു പശുക്കുട്ടിക്ക് കൗൺസിലർ ഐ.പി. ബിനു തന്റെ മകളുടെ പേരായ അമ്മു എന്നും പേരിട്ടു. ഡോക്ടർമാരുടെ നിർദ്ദേശാനുസരണം ആവശ്യത്തിനു ഭക്ഷണം നൽകുന്നുണ്ടെന്ന് ഫാം ഉടമ അർഷാദ് പറഞ്ഞു. അതേസമയം പശുക്കളെ തമ്മിൽ തിരിച്ചറിയാനും ഇവയുടെ എല്ലാ വിവരങ്ങളും മനസിലാക്കാനുമായി പശുക്കൾക്ക് ചിപ്പ് ഘടിപ്പിക്കും. തുടർന്ന് ഇതുവരെയുള്ള വിവരങ്ങളും ദൈനംദിന കാര്യങ്ങളും രേഖപ്പെടുത്തുമെന്ന് വെറ്ററിനറി സർജൻ ഡോ. ശ്രീരാഗ് പറഞ്ഞു. ഹെൽത്ത് ഓഫീസർ ഡോ. ശശികുമാർ, വെറ്ററിനറി സർജൻ ഡോ. കിരൺ ദേവ് എന്നിവരും നഗരസഭ ജീവനക്കാരും സംവിധായകനൊപ്പം എത്തിയിരുന്നു. പി.എസ്. പ്രഷീദ്, മിനി, എം. അഭിലാഷ്, സുനിൽകുമാർ, അജയൻ, ഫാം ഉടമ അർഷാദ് എന്നിവർ സംവിധായകനെയും നഗരസഭാ അധികൃതരെയും സ്വീകരിച്ചു.
ഫോട്ടോ: നഗരസഭ ഏറ്റെടുത്ത് പേഴുംമൂട് കടുവാകുഴി അർഷാദിന്റെ ഉടമസ്ഥതയിലുള്ള ഫാമിലേക്ക് മാറ്റിയ പശുക്കൾക്ക് ഭക്ഷണവുമായെത്തിയ സംവിധായകൻ ആർ.എസ്. വിമലും നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഐ.പി. ബിനുവും