kseb-surcharge

തിരുവനന്തപുരം: കഴിഞ്ഞ വർഷത്തെ അധികച്ചെലവ് ഉൾപ്പെടെ ചൂണ്ടിക്കാട്ടി വൈദ്യുത നിരക്ക് ജൂലായിൽ കുത്തനേ കൂട്ടിയ ശേഷമാണ് ഇപ്പോൾ കെ.എസ്.ഇ.ബി സർചാർജെന്ന പേരിൽ യൂണിറ്റിന് 10 പൈസ വീതം വീണ്ടും ഉപഭോക്താക്കളിൽ നിന്നും പിടിച്ചുപറിക്കുന്നത്. ഇന്നലെ മുതൽ മൂന്നു മാസത്തേക്കാണെന്നു പറയുന്നുണ്ടെങ്കിലും അതിനു ശേഷം വീണ്ടും മൂന്നു മാസത്തേക്കു കൂടി സർചാർജ് ഏർപ്പെടുത്തണമെന്ന അപേക്ഷ റെഗുലേറ്ററി കമ്മിഷന്റെ പരിഗണനയിലാണ്. വൈദ്യുതി പരമാവധി ഉപയോഗിക്കുന്ന ചൂടുകാലം നോക്കിയാണ് സർചാർജ് ഏർപ്പെടുത്തിയിരിക്കുന്നത്

പെരുമഴയത്തും ചെലവ് കൂടി?

കേരളത്തിൽ നല്ല മഴകിട്ടിയ കഴിഞ്ഞ ജൂലായ് മുതൽ സെപ്തംബർ വരെയുള്ള മാസങ്ങളിൽ അധികച്ചെലവുണ്ടായെന്ന് കാണിച്ചാണ് ഇപ്പോഴേർപ്പെടുത്തിയതിന് പിന്നാലെ രണ്ടാമത്തെ സർചാർജിന് കൂടി കെ.എസ്.ഇ.ബി റഗുലേറ്ററി കമ്മിഷനെ സമീപിച്ചിരിക്കുന്നത്. യൂണിറ്റിന് 13 പൈസ വർദ്ധിപ്പിക്കണമെന്നാണ് ആവശ്യം. തീരുമാനമെടുക്കുന്നതിനു മുന്നോടിയായി 19ന് രാവിലെ 11ന് തിരുവനന്തപുരത്ത് കമ്മിഷൻ ആസ്ഥാനത്ത് പൊതുതെളിവെടുപ്പ് നടത്തും.

നിരക്ക് വർദ്ധിപ്പിച്ചത് ജൂലായിൽ

കഴിഞ്ഞ ജൂലായ് 8നാണ് വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചത്. പ്രതിമാസം 18 മുതൽ 254 രൂപ വരെ യൂണിറ്റ് നിരക്കിലും 5 മുതൽ 70 രൂപ വരെ ഫിക്സഡ് ചാർജിലും വർദ്ധന വരുത്തി വർഷം 900 കോടി രൂപയുടെ അധിക വരുമാനമാണ് കെ.എസ്.ഇ.ബി ഉറപ്പാക്കിയത്. വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കും മുമ്പ്, ഏപ്രിൽ മുതൽ ജൂൺ വരെ ഉത്പാദനത്തിൽ 62.26 കോടി രൂപ അധികച്ചെലവുണ്ടായതിനാണ് ഇപ്പോൾ സർചാർജ് ഏർപ്പെടുത്തിയത്.

ബില്ലിൽ വരുന്ന വർദ്ധ

ഉപഭോഗം നിലവിലെ തുക പുതിയ തുക

100 387 397

150 637 652

200 972 992

300 1840 1870

400 2880 2920

500 3680 3730

ടെലിസ്കോപിക് നിരക്കും ഉയരും

കുറഞ്ഞ സ്ലാബിന്റെ ഇളവ്‌ ഉപഭോക്താക്കൾക്കു ലഭിക്കുന്ന ടെലിസ്‌കോപിക് രീതി പ്രകാരമുള്ള നിരക്കിലും വർദ്ധന വരും. മുൻ നിരക്ക് ബ്രായ്ക്കറ്റിൽ.

ഇതനുസരിച്ചു മാസം 60 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവർക്ക് 50 യൂണിറ്റ് വരെ 3.25 രൂപ (3.15)​. ശേഷിക്കുന്ന 10 യൂണിറ്റിന് 3.80 രൂപ (3.70)​. മാസം 130 യൂണിറ്റെങ്കിൽ: ആദ്യ 50 യൂണിറ്റിന് 3.25 (3.15)​. അടുത്ത 50 യൂണിറ്റിന് 3.80 (3.70)​. ശേഷിക്കുന്ന 30 യൂണിറ്റിന് 4.90 (4.80). മാസം 250 യൂണിറ്റിന് നിരക്ക്: ആദ്യ 50 യൂണിറ്റ് 3.25 (3.15)​, തുടർന്നുള്ള ഓരോ 50 യൂണിറ്റിനും 3.80 (3.70)​, 4.90 (4.80)​, 6.50 (6.40)​, 7.70 (7.60).