മനുഷ്യ മനസിലേക്ക് നൂതനാശയങ്ങൾ സന്നിവേശിപ്പിക്കാൻ കലയ്ക്ക് വലിയൊരു സിദ്ധിവിശേഷമുണ്ട്. ഭാരതത്തിൽ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടാണ് കല വികസിച്ചിരുന്നത്. സങ്കീർണമായ മനുഷ്യമനസിനെ സമചിത്തതയിലേക്ക് കൊണ്ടുവരാനും താളലയത്തോടെ ദൈനംദിന ജീവിതം കെട്ടിപ്പടുക്കാനും കല കുറച്ചൊന്നുമല്ല സ്വാധീനിച്ചിട്ടുള്ളത്. പക്ഷേ, ഇന്ന് പലരും കലയെ സമീപിക്കുന്നത് അത് വിറ്റ് എങ്ങനെ പണവും പ്രശസ്തിയും നേടാമെന്ന സ്വാർത്ഥ ചിന്തയോടെയാണ്. അന്തർമുഖമാകേണ്ട മനസ് കൂടുതൽ ബഹിർമുഖതയിലേക്ക് തിരിയുകയാണ്. മത്സരങ്ങൾ കെട്ടടങ്ങി ശാന്തതയുടെ അടിത്തട്ട് കാണേണ്ടിടത്ത് ക്ഷോഭവും കാലുഷ്യവും വന്നുനിറയുന്നു. ഇങ്ങനെയൊരു സന്ദർഭത്തിലാണ് അരുവിപ്പുറം പ്രതിഷ്ഠയുടെ 132-ാമത് വാർഷികത്തോടനുബന്ധിച്ച് ഗുരുവിന്റെ തപോഭൂമിയും ലോകോദ്ധാരണ പ്രവർത്തനങ്ങൾക്ക് നാന്ദികുറിച്ചതുമായ അരുവിപ്പുറം ക്ഷേത്രസന്നിധിയിൽ ശ്രീനാരായണ ഋഷി ലോകത്തിന് മംഗളം ഭവിക്കുന്നതിന് നൽകിയ ദൈവചിന്തനം എന്ന കൃതി കേരളത്തിന്റെ തനത് കലാരൂപമായ മോഹിനിയാട്ടത്തിലൂടെ സഹൃദയ സമക്ഷം അവതരിപ്പിക്കുന്നത്. ജീവന്റെ രഹസ്യവും പുനർജന്മത്തിന്റെ സ്വഭാവവും സാത്വികവും രാജസികവും താമസികവുമായ ഉപാസനയുടെ ഗുണവും ദോഷവും ചൂണ്ടിക്കാട്ടുന്ന കൃതിയാണിത്.
അതിപുരാതന ഋഷിമാരെല്ലാം അറിവിന്റെ മാർഗമാണ് എന്നും ഉപദേശിച്ചിരുന്നത്. ശ്രീനാരായണ പരമഗുരുവും ഇതേമാർഗം വളരെ ലളിതമായി അവതരിപ്പിച്ചിരിക്കുന്ന രണ്ട് കൃതികളാണ് പിണ്ഡനന്ദിയും ദൈവചിന്തനവും. ഋഷിയുടെ കണ്ടെത്തലിൽ ഒരു കുഞ്ഞിന്റെ സംസ്കാരം രൂപപ്പെടുന്നത് മാതൃഗർഭപാത്രത്തിൽ വച്ചാണ്.
നാം ഏത് മതത്തിൽ ശ്രദ്ധിച്ചാലും മന്ത്രവാദികൾ എന്ന ഒരു കൂട്ടരെ കാണാം. ഇവർ യഥാർത്ഥ മതപ്രമാണങ്ങളെക്കുറിച്ച് വ്യക്തമായ അറിവോ ഉൾക്കാഴ്ചയോ ഇല്ലാത്തവരായിരിക്കും. ഇവരാണ് സാധാരണ ജനങ്ങളെ കൂടുതൽ സ്വാധീനിക്കുന്ന കൂട്ടർ. ചെറിയ ചെറിയ ക്ഷുദ്ര ദൈവങ്ങളെ ഉപാസിച്ച് സിദ്ധി ലഭിച്ചവരാണെന്ന് അഭിമാനിക്കുന്ന ഇവരെ ആധുനിക വിദ്യാഭ്യാസം ലഭിച്ചവർ വരെ ഭയപ്പെടുന്നുണ്ട്. ഗുരുവിന്റെ ഭാഷയിൽ പറഞ്ഞാൽ ഇവരും നശിക്കുന്നു. മറ്റുള്ളവരെയും ഇവർ നശിപ്പിക്കുന്നു. ഈ തരത്തിൽ ഉപാസന ചെയ്യുന്നവർ മരിച്ചുകഴിഞ്ഞാൽ ഏത് ദേവതയെയാണോ അവർ ഉപാസിച്ചിരുന്നത് ആ ദേവതാലോകത്ത് ചെന്ന് അവർക്ക് ദാസ്യവേല ചെയ്ത് അവിടെ കഴിയേണ്ടി വരും എന്ന് ദൈവചിന്തനം എന്ന കൃതിയിലൂടെ ഗുരു ഓർമ്മപ്പെടുത്തുന്നു. ഇതിന് പരിഹാരമായി ശുദ്ധ സാത്വിക ദേവതകളെ ഉപാസിച്ച് ജ്ഞാനസിദ്ധി നേടി മനുഷ്യ ജന്മത്തിന്റെ പൂർണതയിൽ എത്തിച്ചേരാമെന്നും ഗുരു ഉപദേശിക്കുന്നു. താമസികവും രാജസികവും ആയ ദൈനംദിന കർമ്മങ്ങൾ വരെ ഒരു മനുഷ്യജീവന്റെ ഗതി നിയന്ത്രിക്കുന്നുവെന്ന് ഗുരു വെളിപ്പെടുത്തുകയാണ്. സമൂഹത്തിൽ ക്രൂരവും പൈശാചികവുമായ കർമ്മങ്ങൾ ചെയ്യുന്നവർക്ക് എന്തേ യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാത്തതെന്ന് പലരും ചോദിക്കാറുണ്ട്. അതിനുള്ള മറുപടി വരും ജന്മങ്ങളിൽ അവർ അവരുടെ കർമ്മഫലം അനുഭവിക്കും എന്നാണ്. അതല്ലാതെ എല്ലാം വിധിക്ക് വിടാൻ പാടില്ലെന്നും നാം ഓർക്കണം.
ഈ പശ്ചാത്തലബോദ്ധ്യത്തിൽ നിന്നുകൊണ്ടുവേണം ഗുരുവിന്റെ പിണ്ഡനന്ദി, ദൈവചിന്തനം എന്ന കൃതികൾ ശാസ്ത്രീയമായി നാം വിശകലനം ചെയ്യേണ്ടതും പഠിക്കേണ്ടതും സ്വാംശീകരിക്കേണ്ടതും. ഒരു സ്ത്രീയുടെ ഗർഭപാത്രത്തിൽ ബീജവും അണ്ഡവും കൂടിക്കലരുന്നതോടെ തന്നെ ഒരു പുതുജീവൻ പിറക്കുകയാണ്. അതുകൊണ്ടാണ് ഋഷിമാർ സന്തത്യുല്പാദനത്തിനായി പ്രത്യേക ദിവസങ്ങളും സമയവുമൊക്കെ നിർദ്ദേശിച്ചത്. അത് വെറും അന്ധവിശ്വാസമെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞതും പല അപകടങ്ങൾക്കും കാരണമായി.
കുഞ്ഞിന് വേണ്ടുന്ന ദയ, കാരുണ്യം, ആർദ്രത, ദാനധർമ്മം, നിസ്വാർത്ഥത, മുൻവിധികളില്ലാതെ സമീപിക്കാനുള്ള കഴിവ്, മുൻവിധികളില്ലാത്ത സ്നേഹം, ബഹുമാനം, ഗുരുഭക്തി, മാതാപിതാക്കളെയും മുതിർന്നവരെയും ബഹുമാനിക്കാനുള്ള സംസ്കാരം, ഈശ്വരഭക്തി, ഋജുത്വം, ഇന്ദ്രിയശുദ്ധി, ശരിയായ വിദ്യാഭ്യാസം തുടങ്ങിയവ പകർന്നുകൊടുക്കേണ്ടത് ഗർഭാവസ്ഥ മുതൽ അമ്മയും അച്ഛനുമാണെന്ന തിരിച്ചറിവിലേക്ക് എപ്പോഴാണോ നാം മിഴിതുറക്കുന്നത് അന്ന് മാത്രമേ സോദരത്വേന വാഴുന്ന മാതൃകാസ്ഥാനത്തേക്കുള്ള വഴി തുറക്കപ്പെടുകയുള്ളൂ. ഈയൊരു അവബോധം സാധാരണ ജനങ്ങളിൽ സൃഷ്ടിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ ശിവരാത്രി നാളിൽ അരുവിപ്പുറം ശിവക്ഷേത്ര സന്നിധിയിൽ പിണ്ഡനന്ദിയും ദൈവചിന്തനവും സമന്വയിപ്പിച്ച് മോഹിനിയാട്ടത്തിന്റെ ദൃശ്യസങ്കേത ചാരുതയിലൂടെ മികവാർന്നൊരു കലാവിരുന്ന് കലാമണ്ഡലം ഡോ. ധനുഷ്യാ സന്യാലും കൂട്ടരും അവതരിപ്പിക്കുന്നത്. ഇതിലൂടെ കലാരംഗത്തുള്ളവർക്ക് ഗുരുവിന്റെ മഹിത ദർശനത്തെ ലോകത്തിന് പരിചയപ്പെടുത്തുവാനും ഗുരുദർശനത്തെ സങ്കുചിത ചിന്താധാരകളിൽ നിന്ന് അനന്ത വിഹായസിലേക്ക് പകർന്ന് കൊടുക്കുന്നതിനും സാധിക്കും.
'കഷ്ടം കൈയിലിരിക്കുന്ന കല്പക വൃക്ഷക്കനിയെക്കളഞ്ഞ് കാഞ്ഞിരക്കനിയെ തേടി ഭക്ഷിക്കുന്ന'വരെക്കുറിച്ചുള്ള ദൈവചിന്തനത്തിലെ ഗുരുവിന്റെ ഓർമ്മപ്പെടുത്തൽ നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്. തീർച്ചയായും ഈ ശിവരാത്രിക്ക് അവതരിപ്പിക്കുന്ന ഉദ്ഗീതം എന്ന നൃത്തകലാരൂപം നവീനങ്ങളായ ഈ ചിന്തകളെ നമ്മിലേക്ക് സന്നിവേശിപ്പിക്കുന്നതാണ്. ഏവരും ഈ പുണ്യകർമ്മത്തിന് സാക്ഷികളാകാൻ എത്തിച്ചേരുക എന്ന പ്രാർത്ഥനയോടെ.
( ലേഖകൻ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറിയാണ് ഫോൺ : 9400475545 )