chennithala

തിരുവനന്തപുരം: ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ അറിവോടെയാണ് പൊലീസ് തലപ്പത്തെ അഴിമതിയെന്നും ചീഫ്സെക്രട്ടറിക്കും ഇതിൽ പങ്കുണ്ടെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

ഞാൻ ആഭ്യന്തര മന്ത്രിയായിരിക്കെ ഇത്തരം ക്രമക്കേടുകൾ നടന്നിട്ടുണ്ടെങ്കിൽ അതും അന്വേഷിക്കണം. സി.എ.ജിയുടെ കണ്ടെത്തലുകളിൽ ജുഡിഷ്യൽ കമ്മിഷനെക്കൊണ്ട് അന്വേഷിപ്പിക്കുന്നതിലും എതിർപ്പില്ല. ഈ വിഷയത്തിൽ പാർട്ടിയുടെ തുടർ നീക്കങ്ങൾ ചൊവ്വാഴ്ച ചേരുന്ന കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി ചർച്ച ചെയ്യും.

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് സി.എ.ജി റിപ്പോർട്ട് വന്നയുടൻ ജുഡിഷ്യൽ കമ്മിഷനെ സർക്കാർ നിയോഗിച്ചത് ഓർത്താണ് കെ.പി.സി.സി പ്രസിഡന്റ് ഇപ്പോഴത്തെ സംഭവത്തിലും അത് ആവശ്യപ്പെട്ടത്. അതിനപ്പുറം ഇതൊരു കോഗ്‌നിസിബിൾ കുറ്റകൃത്യം കൂടിയായതിനാലാണ് സി.ബി.ഐ വേണമെന്ന് ഞാനാവശ്യപ്പെട്ടത്.

തോക്കും തിരകളും കാണാതായത് യു.ഡി.എഫ് കാലത്താണെന്ന് വരുത്തിത്തീർക്കാൻ ശ്രമമുണ്ട്. തൃശൂർ എ.ആർ ക്യാമ്പിൽ സീൽ ചെയ്ത പായ്ക്കറ്റിൽ 200 ബുള്ളറ്റുകൾ 2015 സെപ്തംബറിൽ കാണാതായത് വസ്തുതയാണ്. അന്ന് അന്വേഷണത്തിന് ബോർഡിനെ വച്ചു. അവരുടെ കണ്ടെത്തൽ ശരിയല്ലെന്ന് പറഞ്ഞ് ഇടതുസർക്കാർ പുതിയ ബോർഡിനെ വച്ചു. 1999 ജൂലായ് 12ന് പായ്ക്ക് ചെയ്തതാണ് നഷ്ടപ്പെട്ട സ്റ്റോക്കെന്നും 2000 മുതൽ 2014വരെ എപ്പോഴെങ്കിലും കാണാതായതാകാമെന്നുമാണ് അവർ കണ്ടെത്തിയത്. 2017ൽ സ്റ്രോക്കെടുത്തപ്പോൾ പക്ഷേ 7433 ബുള്ളറ്റുകൾ കാണാനില്ല.

ഞാൻ ആഭ്യന്തരമന്ത്രിയായിരിക്കെ പൊലീസ് നവീകരണ ചുമതല ബെഹ്റയ്ക്കുണ്ടായിരുന്നു. അന്ന് ശ്രദ്ധയിൽ പെട്ട ക്രമവിരുദ്ധ നടപടികൾ അപ്പോൾത്തന്നെ തടഞ്ഞിട്ടുണ്ട്. ഞാനറിയാതെ എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ അതെല്ലാം അന്വേഷിക്കട്ടെ. ഒരു ഘട്ടം കഴിഞ്ഞപ്പോൾ ബെഹ്റയെ നവീകരണച്ചുമതലയിൽ നിന്ന് ഞാൻ മാറ്റി. അതിന് പല കാരണങ്ങളുണ്ട്. അതെല്ലാം ഇപ്പോൾ പറയുന്നില്ല.

സി.എ.ജിയുടെ കണ്ടെത്തലുകളിൽ അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി രണ്ടു ദിവസമായിട്ടും മറുപടിയില്ല. ബെഹ്റയ്ക്കെതിരെ നടപടിയെടുക്കാൻ എന്തുകൊണ്ട് മുഖ്യമന്ത്രി മടിക്കുന്നു. പൊതുസമൂഹത്തോട് മുഖ്യമന്ത്രി മറുപടി പറയണം. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയെക്കുറിച്ചറിയാൻ നിയമസഭാസമ്മേളനം വരെ കാത്തിരിക്കാനാവില്ല.

പി.ടി.തോമസിന് തുമ്പായത് കേരളകൗമുദി വാർത്ത

കേരളകൗമുദിയിൽ എം.എച്ച്.വിഷ്ണു എഴുതിയ ഒരു റിപ്പോർട്ടിനെ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് നവീകരണത്തിലെ ക്രമക്കേടുകളുടെ വിവരങ്ങൾ പി.ടി.തോമസ് കണ്ടെത്തിയത്. ഇതിന്റെ പേരിൽ റിപ്പോർട്ട് ചോർന്നെന്ന് പറഞ്ഞ് സി.എ.ജിയെ സംശയമുനയിൽ നിറുത്തുന്നത് ശരിയല്ല. യാദൃശ്ചികമെന്നോണം ഞങ്ങളുന്നയിച്ചതിനെക്കാൾ കൂടുതൽ വിവരങ്ങൾ സി.എ.ജി റിപ്പോർട്ടിലൂടെ പുറത്തു വന്നു- ചെന്നിത്തല പറഞ്ഞു.