തിരുവനന്തപുരം: വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്നവരിൽ ഭിന്നശേഷി ആനുകൂല്യങ്ങൾക്കായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയതായി കണ്ടെത്തിയവരെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് ഡിഫറന്റ്ലി ഏബിൾഡ് പേഴ്സൺസ് വെൽഫെയർ അസോസിയേഷൻ (ഡി.എ.ഡബ്ലു.എഫ്) സർക്കാരിനോട് ആവശ്യപ്പെട്ടു. മുച്ചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ വാങ്ങിയിട്ട് മറിച്ചുവില്കുന്നവർക്കെതിരെ പരാതി ലഭിച്ചാൽ ക്രിമിനൽ കുറ്റം ചുമത്തണം. 2004 മുതൽ 2019 വരെ താത്കാലികമായി ജോലി ചെയ്ത് പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുക, ഏകീകൃത ഐ.ഡി കാർഡ് ഭിന്നശേഷിക്കാർക്ക് വിതരണം ചെയ്യുക, ക്ഷേമനിധി ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സർക്കാരിന് നിവേദനം നൽകിയെന്നും ഡി.എ.ഡബ്ലു.എഫ് പ്രസിഡന്റ് പരശുവയ്ക്കൽ മോഹനൻ അറിയിച്ചു.