general

ബാലരാമപുരം: കരമന-കളിയിക്കാവിള ദേശീയപാത വികസനത്തിന്റെ ഭാഗമായി വെടിവെച്ചാൻകോവിൽ-പുന്നമൂട് റോഡിൽ ഏർപ്പെടുത്തിയ ഗതാഗതക്രമീകരണം നാട്ടുകാർക്ക് പൊല്ലാപ്പാകുന്നു. പുന്നമൂട് റോഡിന്റെ ഇരുവശങ്ങളിലും നിന്നുയരുന്ന പൊടിപടലം കാരണം നാട്ടുകാരും കച്ചവടക്കാരും പ്രതിഷേധത്തിലാണ്. തുമ്മലും തൊലിപ്പുറത്തെ ചൊറിച്ചിലും അലർജിയും കാരണം വീട് വിട്ടിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. പലരും വീട് വിട്ട് ദൂരെ ബന്ധുവീട്ടിലേക്ക് പോകേണ്ട ഗതികേടിലാണ്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉടലെടുത്തിട്ടും അധികൃതർ ആരും തന്നെ തിരിഞ്ഞുനോക്കുന്നില്ലെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. സ്കൂൾ വിദ്യാർത്ഥികളിൽ നഴ്സറി കുരുന്നുകൾ മുതൽ നിരവധി വഴിയാത്രക്കാരും ജീവന് തന്നെ വെല്ലുവിളിയായിമാറിയ പുകപടലം ശ്വസിച്ചാണ് ദിവസവും ഇതുവഴി കടന്നുപോകുന്നത്. കച്ചവടസ്ഥാപനങ്ങളുടെ മുൻഭാഗമെല്ലാം പൊടിയിൽ മുങ്ങിയിരിക്കുകയാണ്. കച്ചവടവും കയ്യാലപ്പുറത്തായതോടെ പുന്നമൂട് റോഡ് ആളൊഴിഞ്ഞ നിലയിലേക്ക് മാറുകയാണ്. കഴിഞ്ഞ ആഴ്ച്ചയാണ് കരമന-കളിയിക്കാവിള ദേശീയപാതയിൽ വെടിവെച്ചാൻകോവിൽ -പുന്നമൂട് ഭാഗത്ത് പൂർണ്ണമായതോതിൽ ഗതാഗതക്രമീകരണം ഏർപ്പെടുത്തിയത്. താരതമ്യേന വീതികുറഞ്ഞ റോഡിൽ വാഹനങ്ങൾ തിങ്ങിഞെരുങ്ങിയാണ് കടന്നുപോകുന്നത്. ചില സമയങ്ങളിൽ ഗതാഗതക്കുരുക്ക് അരമണിക്കൂറോളം നീളും. പൊട്ടിപ്പൊളിഞ്ഞ റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ചില്ലെന്ന് മാത്രമല്ല നാട്ടുകാരുടെ ആരോഗ്യത്തിന് ഭീഷണിയായി പൊടിയും വെല്ലുവിളിയായിരിക്കുകയാണ്.

പുന്നമൂട് റോഡിൽ ആരോഗ്യത്തിന് വെല്ലുവിളിയായി പൊടിമലിനീകരണമുണ്ടായിട്ടും അധികൃതരുടെ അനാസ്ഥക്കെതിരെ ബ്ലോക്ക് മെമ്പർ എസ്.വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിൽ നാട്ടുകാർ മാസ്ക്ക് ധരിച്ച് പ്രതിഷേധിച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. പരിസരത്തെ കച്ചവടക്കാരും താമസക്കാരുമുൾപ്പെടെയാണ് മാസ്ക്ക് ധരിച്ച് പ്രതിഷേധിക്കാൻ മുന്നിട്ടിറങ്ങിയത്. ക്യാൻസർ ബാധിതരുൾപ്പെടെ ആരോഗ്യപരമായി വെല്ലുവിളി നേരിടുന്ന നിരവധിപേർ ഈ പ്രദേശത്തെ താമസക്കാരാണ്. പൊടിയുടെ സാന്നിദ്ധ്യം ചെറിയതോതിൽ അനുഭവപ്പെട്ടാൽ പോലും ജീവന് തന്നെ വെല്ലുവിളിയായി കഴിയുന്ന കിടരോഗികളും ഈ പ്രദേശത്തെ താമസക്കാരാണെന്നുള്ളതാണ് മറ്റൊരു വസ്തുത.