വിതുര: വേനൽ തുടങ്ങിയപ്പോൾ തന്നെ നദികളും നീർച്ചാലുകളും വറ്റിവരളാൻ തുടങ്ങി. വാമനപുരം നദിയുടെ ഉത്‌ഭവ സ്ഥാനമായ കല്ലാർ നദിയും വറ്റിവരണ്ടു. ഒരു കാലത്ത് ആർത്തലച്ച് ഒഴുകിയ നദി ഇപ്പോൾ നീർച്ചാലിന് തുല്യം. കല്ലാറിലേക്ക് ഒഴുകിയെത്തിയിരുന്ന ചെറു നദികളും ഇതിനോടകം വറ്റി വരണ്ടുകഴിഞ്ഞു. രണ്ടാഴ്ചയ്ക്കിടെ നദിയുടെ ജല നിരപ്പ് ഗണ്യമായി കുറഞ്ഞു. ഒപ്പം നദീ തീരത്തെ കിണറുകളും വറ്റുകയാണ്. നദിയുടെ അടിത്തട്ടിലെ പാറകൾ ഇപ്പോൾ തെളിഞ്ഞ് കാണാം. സാധാരണ ശക്തമായ വരൾച്ചയിൽ പോലും കല്ലാർ വറ്റിയിട്ടില്ല. നദിയെ അമിതമായി ചൂഷണം ചെയ്തതാണ് കല്ലാറിന് ശാപമായതെന്നും പരാതിയുണ്ട്. കല്ലാർ മുതൽ വിതുര ചെറ്റച്ചൽവരെയുള്ള ഭാഗത്ത് പലയിടത്തും നദി നിശ്ചലമാണ്. ചെമ്മുഞ്ചി മലനിരകളിൽ നിന്നുൾപ്പടെ കല്ലാറിലേക്ക് ഒഴുകിയെത്തിയിരുന്ന മിക്ക ചെറു പുഴകളും ഇതിനകം വറ്റിവരണ്ടു. മീൻമുട്ടിവെള്ളച്ചാട്ടത്തിലും നീരൊഴുക്ക് ഗണ്യമായി കുറഞ്ഞു. നദിയുടെ ശോചനീയാവസ്ഥക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകർ സമരവുമായി രംഗത്തിറങ്ങിയെങ്കിലും നടപടികൾ സ്വീകരിച്ചില്ല.
അര നൂറ്രാണ്ട് മുൻപ് ചിറയിൻകീഴ്, വാമനപുരം മണ്ഡലങ്ങളിലെ കൃഷികൾ സംരക്ഷിക്കുന്നതിനും കുടിവെള്ളവിതരണം സുഗമമാക്കുന്നതിനുമായി വാമനപുരം ജലസേചനപദ്ധതി നടപ്പിലാക്കുവാൻ സർക്കാർ തീരുമാനമെടുക്കുകയും ഇതിന്റെ ഭാഗമായി ഇവിടെ പുതിയ ഡാം നിർമ്മിക്കുന്നതിനുമായി തീരുമാനമെടുത്തിരുന്നു. കല്ലാർ നിവാസികളുടെ ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങിയതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. കല്ലാറിലെ നീരൊഴുക്ക് ഇനിയും കുറഞ്ഞാൽ കുടിവെള്ളക്ഷാമം അതി രൂക്ഷമാകും. പേപ്പാറ ഡാമിലെ ജലനിരപ്പും താഴ്ന്നിട്ടുണ്ട്.
നദിയിൽ മാലിന്യനിക്ഷേപം തകൃതിയായി നടക്കുകയാണ്. പൗൾട്രിഫാമുകളിൽ നിന്നുമുള്ള ഇറച്ചി വേസ്റ്റുകൾ ഉൾപ്പടെയുള്ള മാലിന്യങ്ങൾ നദിയിൽ വലിച്ചെറിയുക പതിവാണ്. മാലിന്യം കുമിഞ്ഞുകൂടി ചിലമേഖലകളിൽ ദുർഗന്ധം വമിക്കുകയും ചെയ്യുന്നുണ്ട്. ഇതിനിടയിൽ പടക്കം പൊട്ടിച്ച് മീൻപിടിത്തവും അരങ്ങേറുന്നു. നിരോധനം ലംഘിച്ച് മണലൂറ്റും നിർബാധം തുടരുന്നുണ്ട്. നീരൊഴുക്ക് ഗണ്യമായി കുറഞ്ഞതോടെ മണൽക്കുഴികളിൽ കെട്ടികിടക്കുന്ന മലിനജലം ഉപയോഗിക്കേണ്ട അവസ്ഥയാണ്.