തിരുവനന്തപുരം: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊറോണ വൈറസ് പടർന്നപ്പോൾ സംസ്ഥാന ആരോഗ്യവകുപ്പ് മാതൃകാപരമായ പ്രതിരോധമാണ് തീർത്തതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷവും ഗ്രാന്റ് അലുമിനി കൺവെൻഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിപ്പ വൈറസ് പടർന്നപ്പോഴും കേരളം മികച്ച പ്രതിരോധപ്രവർത്തനമാണ് നടത്തിയത്. ഇതിനെല്ലാം തിരുവനന്തപുരം മെഡിക്കൽ കോളേജ് നിർണായക പങ്കുവഹിച്ചു. ലോകത്തിന് മാതൃകയായ കേരള മോഡൽ ആരോഗ്യ പ്രവർത്തനങ്ങളുടെ നട്ടെല്ലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജെന്നും അദ്ദേഹം പറഞ്ഞു. അലുമിനി അസോസിയേഷൻ പ്രസിഡന്റ് ഡോ.കെ. രാമകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷനിലെ മുതിർന്ന അംഗങ്ങളെ ചടങ്ങിൽ ഗവർണർ ആദരിച്ചു. ആരോഗ്യസർവകലാശാല വൈസ് ചാൻസലർ ഡോ.കെ. മോഹനൻ. മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. റംലാ ബീവി, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.എം.കെ. അജയകുമാർ തുടങ്ങിയവർ പങ്കെടുത്തു. ഓർഗനൈസിംഗ് ചെയർമാൻ ഡോ.സി. ജോൺ പണിക്കർ സ്വാഗതവും അലുമിനി അസോസിയേഷൻ സെക്രട്ടറി ഡോ.കെ.വി. വിശ്വനാഥൻ നന്ദിയും പറഞ്ഞു.