തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചത് ആലപ്പുഴ ജില്ലാ ബഡ്ജറ്റാണെന്ന് ഒ. രാജഗോപാൽ എം.എൽ.എ. ബഡ്ജറ്റിൽ തലസ്ഥാന ജില്ലയെ അവഗണിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നേമം ടെർമിനലിനുവേണ്ടി ഭൂമി ഏറ്റെടുക്കൽ എങ്ങുമെത്തിയിട്ടില്ല. സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും കുറ്റകരമായ അനാസ്ഥയാണ് ഇതിനു കാരണം- ഒ. രാജഗോപാൽ പറഞ്ഞു. തലസ്ഥാന നഗരത്തിനുവേണ്ടി ഇടതുപക്ഷ സർക്കാർ ഒന്നും ചെയ്തില്ലെന്ന് അദ്ധ്യക്ഷനായ ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് കുറ്റപ്പെടുത്തി. പൊലീസിന് നഷ്ടപ്പെട്ട തോക്കും ഉണ്ടയും കണ്ടെത്താൻ സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന്റെ നേതൃത്വത്തിൽ സമരം നയിക്കുമെന്നും വിഷയത്തിൽ എൻ.ഐ.എ അന്വേഷണം വേണമെന്നും വി.വി. രാജേഷ് ആവശ്യപ്പെട്ടു. ബി.ജെ.പി മുതിർന്ന നേതാവ് കെ. രാമൻപിള്ള, സംസ്ഥാന വക്താവ് എം.എസ്. കുമാർ, ഒ.ബി.സി മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പുഞ്ചക്കരി സുരേന്ദ്രൻ, ഉപാദ്ധ്യക്ഷൻ ഡോ. പി.പി. വാവ, സെക്രട്ടറിമാരായ ജെ.ആർ. പത്മകുമാർ, സി. ശിവൻകുട്ടി, പട്ടികജാതി മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പി. സുധീർ, എരുത്താവൂർ ചന്ദ്രൻ, ദേശീയ സമിതി അംഗം കരമന ജയൻ, നഗരസഭ കൗൺസിൽ പാർട്ടി ലീഡർ എം.ആർ. ഗോപൻ, പൂന്തുറ ശ്രീകുമാർ, എസ്. സുരേഷ്, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് വലിയശാല ബിന്ദു തുടങ്ങിയവർ സംസാരിച്ചു.