തിരുവനന്തപുരം: വൃക്കകൾ തകരാറിലായ എട്ടു വയസുകാരന് സാമൂഹ്യ സുരക്ഷ മിഷന്റെ വി-കെയർ പദ്ധതി വഴി സൗജന്യ ചികിത്സ നൽകുമെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. വിഴിഞ്ഞം മുക്കോല മണലിറോഡിൽ വെള്ളകൊള്ളി കാവുവിള വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന വിജു ജോൺസ്-ശുഭ പെരേര ദമ്പതികളുടെ രണ്ടാമത്ത മകൻ ഫെൽസിന്റെ ചികിത്സയാണ് സർക്കാർ ഏറ്റെടുത്തത്. ഫെൽസിന്റെ ദയനീയാവസ്ഥ അറിഞ്ഞാണ് മന്ത്രിയുട ഇടപെടൽ. ഒരു വർഷമായി രോഗക്കിടക്കയിലുള്ള കുട്ടിക്ക് പെരിട്ടോണിയൽ ഡയാലിസ് ആണ് ഇപ്പോൾ ചെയ്യുന്നത്. വൃക്ക മാറ്റിവയ്ക്കാതെ മാർഗമില്ലെന്നാണ് പറയുന്നത്. മകന്റെ ചികിത്സയുൾപ്പെടെ നിത്യ ചെലവുകൾക്കു പോലും പണം കണ്ടെത്താനാകാതെ വിഷമിക്കുകയാണ് കുടുംബം. മാതാവ് വൃക്കദാനത്തിനു തയാറാണെങ്കിലും ഭാരിച്ച ചികിത്സാ ചെലവ് വരുമെന്നും പറയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സർക്കാരിന്റെ ഇടപെടൽ.