തിരുവനന്തപുരം: മാലിന്യത്തെ മൂല്യമുള്ള വസ്തുക്കളായി മാറ്റുക ഇന്നിന്റെ ആവശ്യകതയാണെന്ന് സ്‌പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. നഗരസഭ സംഘടിപ്പിച്ച ' മാലിന്യരഹിത നഗരത്തിലേക്ക് ' ത്രിദിന ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാലിന്യസംസ്‌കരണവും നിർമാർജ്ജനവും വ്യക്തിജീവിതത്തിന്റെ ഭാഗമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേയർ കെ. ശ്രീകുമാർ അദ്ധ്യക്ഷനായി. വി.കെ. പ്രശാന്ത് എം.എൽ.എ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, സ്ഥിരംസമിതി അദ്ധ്യക്ഷരായ വഞ്ചിയൂർ പി. ബാബു, പാളയം രാജൻ, ഐ.പി. ബിനു, സി. സുദർശനൻ, നഗരസഭാ സെക്രട്ടറി എൽ.എസ്. ദീപ, ഹെൽത്ത് ഓഫീസർ ഡോ.എ. ശശികുമാർ, സംഘാടക സമിതി ജനറൽ കൺവീനർ കെ.കെ. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന ' മാലിന്യസംസ്‌കരണ രംഗത്ത് തിരുവനന്തപുരം ഇന്നലെ, ഇന്ന്, നാളെ ' എന്ന സെക്ഷനിൽ വികേന്ദ്രീകൃത മാലിന്യസംസ്‌കരണം ശക്തമായി തുടരേണ്ടത് നാടിന്റെ ആവശ്യമാണെന്ന് മന്ത്രി ടി.എം. തോമസ് ഐസക് ചൂണ്ടിക്കാട്ടി. ഹരിത ട്രൈബ്യൂണലും മലിനീകരണ നിയന്ത്രണ ബോർഡും ഇത്തരം പദ്ധതികൾക്ക് തടസമാകുന്ന രീതിയിൽ പ്രവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് നടന്ന വിവിധ സെഷനുകളിൽ ശുചിത്വമിഷൻ മുൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ.ആർ. അജയകുമാർ വർമ, അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസ് അസോ. ഡീൻ ഡോ. ബിജു സോമൻ, പൊതുജനാരോഗ്യ വിദഗ്ദ്ധൻ ഡോ.ഡി. ശ്രീകുമാർ, സ്വാതി സംഗ് സംബ്യാൽ, ഡോ. ജോഷി വി.ചെറിയാൻ, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ജി.മിത്രൻ, എം.എസ്. സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. സമാപനം നാളെ രാവിലെ 11.30ന് മന്ത്രി എ.സി. മൊയ്‌തീൻ ഉദ്ഘാടനം ചെയ്യും.