തിരുവനന്തപുരം:കേന്ദ്രത്തിൽ നരേന്ദ്രനെങ്കിൽ കേരളത്തിൽ സുരേന്ദ്രൻ. കേരളത്തിലെ ബി.ജെ.പിക്കാരുടെ ആവേശമായ കെ.സുരേന്ദ്രന് ഇനി സംസ്ഥാന അദ്ധ്യക്ഷ പദവി. ദേശീയ രാഷ്ട്രീയത്തിൽ നിന്ന് വ്യത്യസ്തമായി ബി.ജെ.പിക്ക് വലിയ സ്വാധീനമില്ലാത്ത കേരളത്തിൽ പാർട്ടി രഥത്തിന്റെ സാരഥി ഇനി 49കാരനായ കെ.സുരന്ദ്രനാണ്.
പോരാളിയെന്ന വിശേഷണമാണ് കെ.സുരേന്ദ്രന് കൂടുതൽ യോജിക്കുക. കേന്ദ്രത്തിൽ രണ്ടാമതും അധികാരത്തിൽ വന്ന ഉടനെ ഗുരുവായൂരപ്പനെ ദർശിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കെ.സുരേന്ദ്രനെ ആശ്ളേഷിച്ചു. ഒപ്പം ഒരു കമന്റും - ഇതാണ് കേരളത്തിലെ നമ്മുടെ ഫൈറ്റർ ! ശബരിമല യുവതീപ്രവേശന വിധിക്കെതിരായ പോരാട്ടവും 22 ദിവസത്തെ ജയിൽ വാസവുമാണ് കെ.സുരേന്ദ്രനെ ഇത്രയേറെ സ്വീകാര്യനാക്കിയത്. ബി.ജെ.പിക്ക് കാര്യമായ സ്വാധീനമില്ലാതിരുന്ന പത്തനംതിട്ടയിൽ മൂന്നുലക്ഷത്തോളം വോട്ടാണ് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സുരേന്ദ്രൻ വാരിക്കൂട്ടിയത്.
സ്‌കൂളിൽ പഠിക്കുമ്പോഴേ ആർ.എസ്. എസ് ശാഖയിൽ പോകാറുണ്ടായിരുന്നു സുരേന്ദ്രൻ . ചേളന്നൂർ എസ്. എൻ. കോളേജിൽ പ്രീഡിഗ്രിക്കം കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ ബി.എസ്.സിക്കും പഠിക്കുമ്പോൾ സജീവ എ.ബി.വി.പി പ്രവർത്തകനായിരുന്നു.
വിദ്യാഭ്യാസം കഴിഞ്ഞ ഉടൻ പാലക്കാട്ട് എ.ബി.വി.പിയുടെ മുഴുവൻ സമയ പ്രവർത്തകനായി. പിന്നീട് സജീവ പ്രവർത്തനം നിറുത്തി വയനാട്ടിൽ ഒരു എസ്റ്രേറ്ര് മാനേജരായി. ആദിവാസിയല്ലാതിരുന്നിട്ടും ആദിവാസി സംഘത്തിന്റെ പ്രവർത്തകനായി.
ബി.എസ് സി വിദ്യാർത്ഥിയായിരിക്കെ കോളേജിൽ നിന്ന് വീട്ടിലേക്ക് പോകും വഴി കൊയിലാണ്ടിയിൽ കെ.ജി.മാരാരുടെ പ്രസംഗം കേൾക്കാൻ പോയ സുരേന്ദ്രന്, മാരാർ വരുന്നതു വരെ വേദിയിൽ പ്രസംഗിക്കാൻ നിയോഗം കിട്ടി. അന്നാണ് മാരാർ ആദ്യമായി സുരേന്ദ്രനെ കാണുന്നത്. മൂന്നുവർഷത്തിനു ശേഷം പൊതുപരിപാടിക്കായി കല്പറ്റയിലെത്തിയ അന്നത്തെ ബി.ജെ.പി അദ്ധ്യക്ഷൻ കെ.ജി മാരാരാണ് സുരേന്ദ്രനെ പാർട്ടിയിലേക്ക് നയിച്ചത്. സ്ഥലത്തെ ആർ.എസ്. എസ് നേതാക്കളോട് നിർദ്ദേശിച്ച്, ആദിവാസി സംഘത്തിൽ നിന്ന് മാറ്റി കെ.സുരേന്ദ്രനെ യുവമോർച്ചയുടെ ജില്ലാ സെക്രട്ടറിയാക്കി. സുരേന്ദ്രന്റെ രാഷ്ട്രീയ പ്രവേശനമായിരുന്നു അത്. പിന്നീട് യുവമോർച്ച ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, ജനറൽ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചു. 2003ൽ യുവമോർച്ച സംസ്ഥാന പ്രസിഡന്റായി. 2009ൽ വി.മുരളീധരൻ ബി.ജെ.പി സംസ്ഥാന പ്രസിഡന്റായപ്പോൾ, സംസ്ഥാന ജനറൽ സെക്രട്ടറിയായി.
സമരനായകൻ
കോവളം കൊട്ടാരം സമരം, ആദിവാസി ഭൂസമരം, തൊഴിലില്ലായ്‌മക്കെതിരെ സമരം , കോഴിക്കോട്ട് സർക്കാർ ഭൂമി മുസ്ലിംലീഗ് എം.പി കൈയേറിയതിനെതിരായ സമരം, ചക്കിട്ടപ്പാറയിലെ കൈയേറ്രത്തിനെതിരായ സമരം, സോളാർ കേസ് തുടങ്ങി ശബരിമല സമരം വരെ നിരവധി സമരങ്ങളുടെ നായകനാണ് സുരേന്ദ്രൻ.