വിതുര: തൊളിക്കോട് പഞ്ചായത്തിലെ മിക്ക മേഖലകളിലും തെരുവ് വിളക്കുകൾ കത്തുന്നില്ലെന്ന് വ്യാപകമായി പരാതി. തെരുവ് വിളക്കുകൾ അടിയന്തരമായി കത്തിക്കണമെന്നാവശ്യപ്പെട്ട് ആർ.എസ്.പി തൊളിക്കോട് ലോക്കൽകമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പോസ്റ്റിന് മുന്നിൽ റീത്ത് വെച്ചും, ചൂട്ട് കത്തിച്ചും പ്രതിഷേധം രേഖപ്പെടുത്തി. ലോക്കൽകമ്മിറ്റി സെക്രട്ടറി ഡി. ബിനു ഉദ്ഘാടനം ചെയ്തു. എം. സിറാജുദ്ദീൻ, അദ്ധ്യക്ഷത വഹിച്ചു. ജി. ശശി, സി. ജയക്കുട്ടൻ, എം. സാദത്ത്, ഭുവനചന്ദ്രൻനായർ, കെ.വി. രാജേന്ദ്രൻ, ചെട്ടിയാംപാറ മധു, സുരേഷ്കുമാർ, സുരേന്ദ്രൻ, രാജൻ, ദിൽഷാദ് എന്നിവർ നേതൃത്വം നൽകി. സത്വര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ പഞ്ചായത്ത് പടിക്കൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.