vs-sivakumar

തിരുവനന്തപുരം: മന്ത്രിയായിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ വി.എസ്. ശിവകുമാർ എം.എൽ.എയ്ക്കെതിരെ കേസെടുത്ത് അന്വേഷിക്കാൻ സർക്കാർ വിജിലൻസിന് അനുമതി നൽകി. പ്രാഥമികാന്വേഷണത്തിൽ തെളിവ് ലഭിച്ചതിനെ തുടർന്നാണ് വിജിലൻസ് ഡയറക്ടർ കേസെടുക്കാൻ അനുമതി തേടിയത്. വെള്ളിയാഴ്ചയാണ് അനുമതി നൽകിക്കൊണ്ട് അഡിഷണൽ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്.
ഉമ്മൻചാണ്ടി സർക്കാർ മന്ത്റിസഭയിൽ ആരോഗ്യമന്ത്റിയായിരിക്കെ അധികാര ദുർവിനിയോഗം നടത്തി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിൽ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാണ് പരാതി. സർക്കാരിന് ലഭിച്ച പരാതിയിൽ വിജിലൻസ് സി.ഐ ബിനുകുമാറാണ് അന്വേഷണം നടത്തിയത്. 105 രേഖകൾ പരിശോധിച്ചു. സംസ്ഥാനത്തും തമിഴ്‌നാട്ടിലുമായി 1000 പേരിൽ നിന്ന് മൊഴിയെടുത്തു.

ശിവകുമാറുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട എട്ടു പേരുടെ സ്വത്തുക്കൾ പരിശോധിച്ചു. ശിവകുമാർ മന്ത്റിയായിരുന്ന ഘട്ടത്തിൽ ഇവരുടെ ആസ്തി വർദ്ധിച്ചതായി വിജിലൻസിന് വിവരം ലഭിച്ചെന്നാണ് സൂചന. തിരുവനന്തപുരം നഗരത്തിലെ സ്വകാര്യ ആശുപത്രിയുടെ വില്പനയും, ചില വിദേശയാത്രകളും അന്വേഷിക്കേണ്ടതുണ്ടെന്ന് വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കുന്നത്.

'കേസ് രാഷ്ട്രീയ പ്രേരിതമാണ്. അഴിമതി ആരോപണത്തിന്റെ പേരിൽ സർക്കാർ പ്രതിക്കൂട്ടിൽ നിൽക്കുമ്പോൾ ശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്റമാണിത്. ഇതേ പരാതിയിൽ അന്വേഷണം നടത്തി നടപടി അവസാനിപ്പിച്ചിരുന്നതാണ്. അതേ ആരോപണങ്ങൾ ഉൾക്കൊള്ളുന്ന അജ്ഞാത പരാതിയിന്മേലാണ് വീണ്ടും അന്വേഷണാനുമതി നൽകിയിരിക്കുന്നത്. സത്യാവസ്ഥ പുറത്തു കൊണ്ടുവരേണ്ടത് എന്റെയും ആവശ്യമായതിനാൽ അന്വേഷണത്തിന് എല്ലാ സഹകരണവും നൽകും".

- വി.എസ്. ശിവകുമാർ എം.എൽ.എ