sreeram

തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന് കുരുക്ക് മുറുകുന്നു. അപകടം നടന്ന സമയം മുതൽ തെളിവു നശിപ്പിക്കാൻ ശ്രീറാം ബോധപൂർവമായ ശ്രമം നടത്തിയെന്ന് പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മൂന്നിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.

66 പേജുള്ള കുറ്റപത്രത്തിൽ 84 രേഖകളും 72 തൊണ്ടിമുതലുകളും കൂടാതെ നൂറ് സാക്ഷിമൊഴികളുമാണുള്ളത്.നിർണായകമായ ശാസ്ത്രീയ തെളിവുകളും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കേസ് അട്ടിമറിക്കാൻ ശ്രീറാമിന്റെ ഭാഗത്ത് നിന്നുണ്ടായ ശ്രമങ്ങൾ ഓരോന്നും എണ്ണിയെണ്ണി കുറ്റപത്രത്തിൽ പറയുന്നു.

അപകടസമയത്ത് സ്ഥലത്തെത്തിയ പൊലീസിനോട് താൻ കാറോടിച്ചിട്ടില്ലെന്നും രണ്ടാം പ്രതിയായ വഫ ഫിറോസാണ് കാർ ഓടിച്ചതെന്നുമാണ് ശ്രീറാം പറഞ്ഞിരുന്നത്.

ബഷീറിനെ പൊലീസ് ആംബുലൻസിൽ മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോയതിനു ശേഷം പൊലീസിനൊപ്പം മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്ക് വന്ന ശ്രീറാം അപകടത്തിൽ തനിക്കും പരിക്കേറ്റുവെന്ന് പറഞ്ഞ് ആശുപത്രിയിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. ഒരു പൊലീസുകാരനൊപ്പം ജനറൽ ആശുപത്രിയിലെത്തിച്ച ശ്രീറാം കാര്യമായ പരിക്കൊന്നുമില്ലാതിരുന്നിട്ടും തന്നെ തുടർ ചികിത്സക്കായി മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യണമെന്ന് വാശിപിടിച്ചു. പരിശോധനയിൽ ശ്രീറാമിന് മദ്യത്തിന്റെ മണം ഉണ്ടെന്ന് ജനറൽ ആശുപത്രിയിലെ ഡോ. രാകേഷ് എസ്.കുമാർ രേഖപ്പെടുത്തിയിരുന്നതായി മ്യൂസിയം പൊലീസ് ക്രൈം എസ്.ഐ മൊഴി നൽകിയിട്ടുണ്ട്.
ശ്രീറാം തന്റെ സുഹൃത്തായ ഡോ.അനീഷ് രാജിനെ വിളിച്ചു വരുത്തുകയും ജനറൽ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളജിലേക്ക് പോകാതെ പൊലീസിന്റെ കണ്ണുവെട്ടിച്ച് സുഹൃത്തിനൊപ്പം സ്വകാര്യ ആശുപത്രിയിലേക്ക് പോയി. അവിടെ ചികിത്സക്കായി എത്തിയ ശ്രീറാം കാർ മതിലിൽ ഇടിച്ചാണ് തനിക്ക് പരുക്കേറ്റതെന്നും താൻ കാറിൽ സഹയാത്രികനായിരുന്നുവെന്നുമാണ് ഡോക്ടർമാരോട് പറഞ്ഞിരുന്നത്. കാഷ്വാലിറ്റി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോ. മാസൽവോ ഗ്ലാഡി ലൂയിസ്, ഡോ. ശ്രീജിത്ത് എന്നിവർ ശ്രീറാമിന്റെ രക്തമെടുക്കാൻ നേഴ്‌സിനോട് നിർദ്ദേശിച്ചപ്പോൾ ശ്രീറാം സമ്മതിച്ചില്ല. ഇക്കാര്യം നേഴ്‌സ് കേസ് ഷീറ്റിൽ രേഖപ്പെടുത്തിയിരുന്നു. രക്തത്തിലെ മദ്യത്തിന്റെ അളവ് കുറയുന്നതു വരെ രക്തം ശേഖരിക്കുന്നത് മന:പൂർവ്വം വൈകിപ്പിച്ച് തെളിവു നശിപ്പിക്കുകയായിരുന്നു ശ്രീറാമിന്റെ ലക്ഷ്യമെന്ന് കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു. ശ്രീറാം മദ്യപിച്ചിരുന്നതായി അറിഞ്ഞിട്ടും തന്റെ കാർ ശ്രീറാമിന് കൈമാറുകയും വേഗതയിൽ ഓടിക്കാൻ അനുവദിക്കുകയും ചെയ്തതിനാണ് വഫക്കെതിരെ പ്രേരണാക്കുറ്റം ചുമത്തിയിട്ടുള്ളത്. കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പ് ശ്രീറാമിനെ സർവീസിൽ തിരിച്ചെടുക്കാൻ നടത്തിയ നീക്കം മുഖ്യമന്ത്രിയുടെ നിലപാടിനെ തുടർന്ന് പരാജയപ്പെട്ടിരുന്നു.

ശ്രീറാമിന് 10വർഷവും വഫയ്ക്ക് 2വർഷവും തടവ് ലഭിക്കാവുന്ന വകുപ്പുകൾ

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304,201 വകുപ്പുകളും മോട്ടോർ വാഹന നിയമത്തിലെ 184,185,188 വകുപ്പുകളുമാണ് ശ്രീറാമിനും വഫക്കുമെതിരെ ചുമത്തിയിരിക്കുന്നത്.
മനപ്പൂർവമല്ലാത്ത നരഹത്യ, പൊതുമുതൽ നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ശ്രീറാമിനെതിരെ ചുമത്തിയിട്ടുള്ളത്. പത്തുവർഷം വരെ തടവുശിക്ഷ ലഭിക്കുന്ന ക്രിമിനൽ കുറ്റമാണ് ശ്രീറാമിനെതിരെ ചുമത്തിയിട്ടുള്ളത്. മദ്യലഹരിയിലായിരുന്ന ശ്രീറാമിനെ കാറോടിടിക്കാൻ അനുവദിച്ച വഫ തുടർച്ചയായി അലക്ഷ്യമായി വാഹനമോടിച്ച് പിടിക്കപ്പെട്ടിട്ടുള്ളതിനാൽ രണ്ടുവർഷം വരെ ശിക്ഷ ലഭിക്കാം.