sunil

തിരുവനന്തപുരം: പൊലീസിന്റെ തോക്കും തിരകളും ചോർന്നതും പൊലീസ് മേധാവിയുടെ ക്രമക്കേടുകളും സംബന്ധിച്ച ആഡിറ്റ് റിപ്പോർട്ട് പുറത്തുകൊണ്ടുവന്ന അക്കൗണ്ടന്റ് ജനറൽമാരിൽ ഒരാൾ മുൻ പൊലീസ് ഓഫീസറുടെ മകനാണ്. ആലുവ സ്വദേശിയായ അക്കൗണ്ടന്റ് ജനറൽ (ജനറൽ ആൻഡ് സോഷ്യൽ സെക്ടർ ആഡിറ്റ്) എസ്.സുനിൽരാജാണിത്. എസ്.പിയായി വിരമിച്ച സോമരാജിന്റെ മകനാണു സുനിൽരാജ്.

മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്ന് സുനിൽരാജ് മാസ്റ്റേഴ്സ് ഡിഗ്രി നേടി. പിന്നീട് മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിഫൻസ് ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസിൽ മാസ്റ്റേഴ്സ് ഡിഗ്രിയും സ്വന്തമാക്കി. ഇന്ത്യൻ ആഡിറ്റ് ആൻഡ് അക്കൗണ്ട് സർവീസിൽ 1996 ബാച്ച് ഉദ്യോഗസ്ഥനായി പ്രവേശിച്ചു.

തിരുവനന്തപുരത്തെ ഏജീസ് ഓഫീസിൽ എത്തുന്നതിനു മുൻപ് മദ്ധ്യപ്രദേശിൽ എ.ജിയായിരുന്നു. അതിനു മുൻപ് ചെന്നൈയിലും രാജ്കോട്ടിലും മുംബയിലും സംസ്ഥാന– കേന്ദ്ര സർക്കാർ വകുപ്പുകളുടെയും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഓഡിറ്ററായിരുന്നു. ജീവനക്കാരുടെ പി.എഫ്, പെൻഷൻ ഫണ്ടുകളുടെ പ്രവർത്തനം കൃത്യമായി നടക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിന്റെ ചുമതലയും വഹിച്ചു.

ജോലിയുടെ ഭാഗമായി വിവിധ വിദേശ രാജ്യങ്ങളിലും സേവനം അനുഷ്ഠിച്ചു. യുണൈറ്റഡ് നേഷൻസിന്റെ ഭക്ഷ്യ പദ്ധതികളുടെ ഓഡിറ്രിന്റെ ഭാഗമായി ലണ്ടൻ, വിയന്ന, ജപ്പാൻ, കൊറിയ, സിംഗപ്പുർ, സെനഗൽ തുടങ്ങിയ രാജ്യങ്ങളിൽ പ്രവർത്തിച്ചു. കേരള വാട്ടർ അതോറിട്ടിയുടെ ഓഡിറ്റ് ചെയ്യുമ്പോഴും അഴിമതിക്കെതിരെ ശക്തമായ നിലപാടെടുത്തു.