news

തിരുവനന്തപുരം: കേരളത്തിലെ വികസന പദ്ധതികൾക്ക് 682 കോടി രൂപ അനുവദിച്ചതായി ദക്ഷിണ റെയിൽവേ വാർത്താ കുറിപ്പിറക്കി. എന്നാൽ ഏതു പദ്ധതിക്ക് എത്ര രൂപയെന്ന് പറയുന്നില്ല. മറ്റ് സംസ്ഥാനങ്ങൾക്കെല്ലാം പണം അനുവദിച്ചത് ഓരോന്നിനും എത്ര രൂപ എന്ന് വ്യക്തമാക്കിയാണ്.

കേരളത്തിന് വാരിക്കോരിയെന്ന മട്ടിൽ സമൂഹമാദ്ധ്യമങ്ങളിൽ പരസ്യവും റെയിൽവേ നൽകി. പരസ്യം താരതമ്യം ചെയ്യുന്നത് 2009 മുതൽ 2014 വരെ കേരളത്തിനു ലഭിച്ച വിഹിതത്തിന്റെ ശരാശരിയും ഇത്തവണത്തെ വിഹിതവും തമ്മിലാണ്. പഴയ ശരാശരി 372 കോടി രൂപയാണെങ്കിൽ ഇത്തവണത്തെ വിഹിതം 688 കോടി രൂപയെന്നാണ് പരസ്യം. അതു പ്രകാരം 85 ശതമാനമാണ് വർദ്ധന. എന്നാൽ 2015 മുതൽ 2019 വരെ കേരളത്തിനു ലഭിച്ചതെന്തെന്ന് മിണ്ടുന്നില്ല. ഇപ്പോൾ കൂട്ടിയത് കഴിഞ്ഞ അഞ്ച് വർഷവുമായി തട്ടിച്ചു നോക്കിയാൽ കുറവാണ്.

1000 കോടി രൂപ വകയിരുത്തിയ വർഷങ്ങളിൽ തുയിൽ നല്ലൊരു പങ്കും കേരളത്തിൽ ചെലവഴിച്ചിരുന്നില്ല. ഇത്തവണ എസ്റ്റിമേറ്റിന് അംഗീകാരം കിട്ടാത്ത പദ്ധതികൾക്കാണ് തുകയെങ്കിൽ ചെലവാക്കാനാവില്ല. സാമ്പത്തിക വർഷാവസാനം ഈ പണവും തമിഴ്നാട്ടിലെ പദ്ധതികൾക്ക് വകമാറ്റിയേക്കും. മുൻപും അതാണ് സംഭവിച്ചത്.

കേരളകൗമുദി വാർത്ത സഭയിൽ

'റെയിൽവേ വികസനം, പണമെല്ലാം തമിഴ്നാടിന് കേരളത്തിന് 'വട്ടപൂജ്യം' എന്ന തലക്കെട്ടിൽ 12ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. റെയിൽവേ ബഡ്‌ജറ്റിലെ അവഗണന സംബന്ധിച്ച സബ്മിഷന് മന്ത്രി ജി.സുധാകരൻ കേരളകൗമുദി വാർത്ത ഉദ്ധരിച്ചാണ് മറുപടി നൽകിയത്.

''കേന്ദ്ര ബഡ്‌ജറ്റിൽ തമിഴ്നാടിന് 8500 കോടി അനുവദിച്ചിട്ടും കേരളത്തിന് 106 കോടി മാത്രമാണ് കിട്ടിയതെന്ന് 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിയെയും റെയിൽവേ മന്ത്രിയെയും കണ്ട് മുഖ്യമന്ത്രി കേരളത്തോടുള്ള അവഗണന ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരളത്തിന്റെ ആവശ്യം ഇനിയും ശക്തമായി ഉന്നയിക്കും''- എന്നായിരുന്നു മന്ത്രിയുടെ മറുപടി

എന്നിട്ടും കുറവ്

(തുക കോടിയിൽ)

2015–16ൽ 1098

2016–17ൽ 1041

2017–18ൽ 1206

2018–19ൽ 923

2019–20ൽ 957

ഇപ്പോൾ 688