പോക്സോ പ്രകാരം കേസ്
തിരുവനന്തപുരം : പരീക്ഷാ പേടിക്ക് പരിഹാരം തേടി ക്ഷേത്രത്തിലെത്തിയ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്ഷേത്ര പൂജാരി അറസ്റ്റിലായി. ഈഞ്ചയ്ക്കൽ സുഭാഷ്‌നഗർ കൂപക്കര ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തില പൂജാരിയായ ബാലരാമപുരം പെരിങ്ങമല സ്വദേശി മണിയപ്പനാണ് (മണിസ്വാമി, 55) ഫോർട്ട് പൊലീസിന്റെ പിടിയിലായത്.
പത്താം ക്ളാസിൽ പഠിക്കുന്ന കുട്ടി ഒരാഴ്ച മുമ്പാണ് അമ്മയ്ക്കൊപ്പം ക്ഷേത്രത്തിലെത്തിയത്. തിരക്കായതിനാൽ നാലു ദിവസം കഴിഞ്ഞു വരാൻ പൂജാരി പറഞ്ഞു. കുട്ടി കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെത്തി. അമ്മ ജോലിക്ക് പോയതിനാൽ ഒറ്റയ്ക്കാണ് എത്തിയത്. നട അടയ്ക്കുന്നത് വരെ കാത്തു നിൽക്കാൻ പൂജാരി ആവശ്യപ്പെട്ടു. തുടർന്ന് ക്ഷേത്രത്തിന് പിറകിൽ ഇയാൾ താമസിക്കുന്ന ഇരു നിലകെട്ടിടത്തിലേക്ക് കൂട്ടികൊണ്ടു പോയി ഉപദ്രവിച്ചു. ഭയന്ന് ഇറങ്ങിയോടിയ കുട്ടി വീട്ടിലെത്തി കാര്യം പറഞ്ഞു. വീട്ടുകാരുടെ പരാതിയെ തുടർന്ന് പോസ്കോ ചുമത്തി പൊലീസ് കേസെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കി പൂജാരിയെ റിമാൻഡ് ചെയ്തു.