നെടുമങ്ങാട്: നെടുമങ്ങാട് ബ്ലോക്കു പഞ്ചായത്ത് വീണ്ടും പുരസ്കാര നിറവിൽ. സംസ്ഥാനത്തെ മികച്ച ബ്ലോക്കു പഞ്ചായത്തിനുള്ള ഈ വർഷത്തെ സ്വരാജ് ട്രോഫിയും നെടുമങ്ങാട് ബ്ലോക്ക് കരസ്ഥമാക്കി. തുടർച്ചയായി രണ്ടാം തവണയാണ് ഈ പുരസ്കാരം നെടുമങ്ങാട് ബ്ലോക്കിനെ തേടിയെത്തുന്നത്. 2018,19 വർഷങ്ങളിലെ ദീൻ ദയാൽ ഉപാദ്ധ്യായ പഞ്ചായത്ത് ശാക്തീകരൺ അവാർഡും തുടർച്ചയായി ബ്ലോക്കിനു ലഭിച്ചിരുന്നു. കൃഷി വകുപ്പിന്റെ ജില്ലയിലെ മികച്ച പൊതു സ്ഥാപനത്തിനുള്ള അവാർഡ് കഴിഞ്ഞ തവണയും ഇക്കുറിയും നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിനാണ്. ഗ്രാമപഞ്ചായത്തുകളെ സംയോജിപ്പിച്ച് നടപ്പിലാക്കിയ വ്യത്യസ്തങ്ങളായ പദ്ധതികളുടെ മികവാണ് പുരസ്കാര പെരുമഴയ്ക്ക് വഴിയൊരുക്കിയത്. ജൈവഗ്രാമം പദ്ധതിയുടെ പ്രവർത്തനം ഏറെ മാതൃകാപരമാണ്. ജനപ്രതിനിധികളും ജീവനക്കാരും 4,25,000 രൂപ സ്വയം നിക്ഷേപിച്ച് 2015 ഡിസംബറിൽ ആരംഭിച്ച സംരംഭം നാലു വർഷംകൊണ്ട് നൂറ് കണക്കിന് ഏക്കർ തരിശുഭൂമി ജൈവകൃഷിക്ക് അനുയോജ്യമാക്കി. വൈകാതെ ആദ്യ നിക്ഷേപം തിരികെ നൽകി. 50 ലക്ഷം രൂപയുടെ ആസ്തി പുതുതായി സൃഷ്ടിച്ചു. പ്രളയകാലത്ത് ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് നല്കി. 4,000 കിലോ ജൈവ ഉല്പന്നങ്ങൾ 2018 ,2019 പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചു. മികച്ച ജനപ്രതിനിധിയ്ക്കുള്ള പ്രതിഭാ പുരസ്കാരം കഴിഞ്ഞ വർഷം ബ്ലോക്ക് പ്രസിഡന്റ് ബി. ബിജുവിനാണ് ലഭിച്ചത്. മികച്ച ജീവനക്കാർക്കുള്ള അവാർഡും ലഭിച്ചിരുന്നു.

തുടർച്ചയായി രണ്ടാം വർഷവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു അനുമോദന നിറവിൽ. ജില്ലാ പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ കൃത്യതയോടെയും സൂക്ഷ്മതയോടെയും മികവാർന്ന നേതൃപാടവത്തോടെ നടപ്പാക്കിയതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മികച്ച ജനപ്രതിനിധിക്കുള്ള സംസ്ഥാന സർക്കാരിന്റെ പ്രതിഭാപുരസ്കാരം ലഭിച്ചതിന് പിന്നാലെയാണ് രണ്ടാമതും സ്വരാജ് ട്രോഫി നേടിയത്. പെൺകുട്ടികളെ കരാട്ടെ അഭ്യസിപ്പിക്കുന്ന 'രക്ഷ" പദ്ധതിയിലൂടെ ഗിന്നസ് ബുക്കിൽ പേരുള്ള ഒരേയൊരു ജില്ലാ പഞ്ചായത്ത് എന്ന അംഗീകാരവും കരസ്ഥമാക്കി. 'സർഗവായന" പദ്ധതിയിലൂടെ എല്ലാ വിദ്യാലയങ്ങളിലും ആരംഭിച്ച ക്ലാസ് റൂം ലൈബ്രറികൾ എടുത്തു പറയണം.