പാറശാല: മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിലെ അതിരുദ്ര മഹായജ്ഞത്തോടനുബന്ധിച്ചുള്ള ശിവരാത്രി മഹോത്സവം പ്ലാസ്റ്റിക് വിമുക്ത ഉത്സവമായി ആഘോഷിക്കുന്നത് മറ്റു ക്ഷേത്രങ്ങൾക്കും മാതൃകയാക്കാവുന്നതാണെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഉത്സവത്തോടനുബന്ധിച്ച് നടന്ന പരിസ്ഥിതി സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ക്ഷേത്രത്തിൽ നടക്കുന്ന പരിസ്ഥിതി സമ്മേളനം ഈ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്നതായും മറ്റ് ക്ഷേത്രങ്ങളും മാതൃക പിന്തുടർന്നാൽ പരിസ്ഥിതിയുടെ കാര്യത്തിൽ രാജ്യത്തിനു തന്നെ വൻ നേട്ടങ്ങൾക്ക് കാരണമാകുമെന്നും മന്ത്രി പറഞ്ഞു. സി.കെ. ഹരീന്ദ്രൻ എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ചെങ്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വട്ടവിള രാജ്‌കുമാർ, മെമ്പർമാരായ ജി.വി. അജിതകുമാരി, ടി. മിനി, ബി.ജെ.പി നെയ്യാറ്റിൻകര നിയോജകമണ്ഡലം മുൻ വൈസ് പ്രസിഡന്റ് മഞ്ചത്തല സുരേഷ് എന്നിവർ സംസാരിച്ചു. ജനാർദ്ദനൻ നായർ സ്വാഗതവും കെ.പി.മോഹനൻ നന്ദിയും പറഞ്ഞു.
മഹേശ്വരം ക്ഷേത്രത്തിലെ ഉത്സവം ചെങ്കൽ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് വിമുക്ത ഉത്സവമായിട്ടാണ് ആഘോഷിക്കുന്നത്.
ഫോട്ടോ: മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിലെ അതിരുദ്ര മഹായജ്ഞത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ നടന്ന പരിസ്ഥിതി സമ്മേളനം തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു.