പാലോട്: രണ്ട് ലിറ്റർ കരിക്കിൻവെള്ളം നല്കുന്ന ഭീമൻ നാളീകേരം, എഴുപത് കിലോ തൂക്കമുള്ള മരിച്ചീനി, അമ്പത് കിലോ തൂക്കമുള്ള ഇരട്ടചേന, 60 കിലോ തൂക്കമുള്ള കാച്ചിൽ, ചകിരിയില്ലാത്ത 'സ്പൈക്കാട്ര' ഇനത്തിലെ നാളീകേരം, മംഗള അടയ്ക്ക, 60 കിലോ തൂക്കമുള്ള കാച്ചിൽ, നനകിഴങ്ങ്, മുക്കിഴങ്ങ് തുടങ്ങി വിളസമൃദ്ധിയുടെ പര്യായമായി 57-മത് പാലോട് കാർഷിക-കലാമേള. പത്ത് ദിവസമായി ഗ്രാമങ്ങളിൽ ഉത്സവ പ്രതീതിയുണർത്തിയ മേള ഇന്ന് കൊടിയിറങ്ങും. മേളയിൽ മൈലമൂട് മറുതറ വീട്ടിൽ എൻ. പ്രഭാകരൻ നായരുടെ കാർഷികവിള പ്രദർശനമാണ് മുന്നിട്ടു നില്ക്കുന്നത്. പച്ചക്കറി കൃഷിക്ക് തുടർച്ചയായി സംസ്ഥാന അവാർഡ് കരസ്ഥമാക്കിയിട്ടുള്ള പ്രഭാകരൻ നായർ കാൽനൂറ്റാണ്ടായി മേളയിലെ സ്ഥിരം സാന്നിദ്ധ്യമാണ്. മുളന്തണ്ടിലുള്ള പുട്ടുകുറ്റി, ചൂരൽ നിർമ്മിത ഉറി, ധാന്യം അളവിന് ഉപയോഗിക്കുന്ന ഉറ്റാൽ, കാലങ്ങൾ ഉറപ്പിച്ചു വയ്ക്കാനുപയോഗിക്കുന്ന വട്ട, അടുപ്പിൽ തീയൂതാനുള്ള വേങ്കുഴൽ, എലിവില്ല്, നാഴി, പൂക്കൂട, ചിക്കുപായ തുടങ്ങി മുളയിലും ചൂരലിലും ഈറയിലും മെനഞ്ഞെടുത്ത തനിനാടൻ ഗൃഹോപകരണങ്ങളുടെയും കരകൗശല ഉല്പന്നങ്ങളുടെയും സമ്പുഷ്ടതയും എടുത്തുപറയണം. തേൻ, കുന്തിരിക്കം, ആയുർവേദ-സിദ്ധ മരുന്നിനങ്ങളും യഥേഷ്ടം. ജെല്ലിക്കെട്ട് കാളകളും തെലുങ്കാന പോത്തുകളും പാണ്ടിമാടുകളും കുടിമാടുകളും മേളയുടെ ആദ്യരൂപമായ 'കാളച്ചന്തയുടെ' പ്രതീതി സൃഷ്ടിക്കുന്നുണ്ട്. നാടൻഭക്ഷണമേളയും അമ്യൂസ്മെന്റ് കാർണിവൽ പാർക്കും ഇരുനൂറോളം പ്രദർശന- വിപണന സ്റ്റാളുകളും സന്ദർശകരെക്കൊണ്ടു നിറഞ്ഞു കവിയുകയാണ്. ഓല മെടയൽ, കബഡി കളി മത്സരങ്ങൾ ആവേശം കൊള്ളിച്ചു. അഭൂതപൂർവമായ തിരക്ക് നിയന്ത്രിക്കാൻ പൊലീസും സംഘാടകരും നന്നേ പാടുപെടുന്നുണ്ട്. സമാപന സമ്മേളനം രാത്രി 8 ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്യും.
തിരക്കിലമർന്ന് പുസ്തകോത്സവ നഗരി
മേളയിൽ പുസ്തകോത്സവം കാണാനും അപൂർവ ഗ്രന്ഥങ്ങൾ വാങ്ങാനും വൻ നിര. വിദ്യാർത്ഥികളും അദ്ധ്യാപകരും അടക്കം പുസ്തകോത്സവ നഗരി കാലുകുത്താൻ ഇടമില്ലാത്ത വിധം തിരക്ക്. 'സ്വപ്നങ്ങളുടെ വ്യാഖ്യാനം, അറ്റുപോകാത്ത ഓർമ്മകൾ, കർത്താവിന്റെ നാമത്തിൽ, നിരീശ്വരൻ,വാനപ്രസ്ഥം,എന്റെ കഥ,ട്രെഷർ ഐലൻഡ്, മാർത്താണ്ഡവർമ, നൂറു സിംഹാസനങ്ങൾ" തുടങ്ങിയ പുസ്തകങ്ങൾ വൻ തോതിൽ വിറ്റഴിഞ്ഞതായി മേള കൺവീനർ ഗോപീകൃഷ്ണൻ പറഞ്ഞു.