-v-k-ibrahim-kunju

തിരുവനന്തപുരം:പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രിയും എം.എൽ.എയുമായ വി.കെ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് സംഘം മൂന്നുമണിക്കൂറോളം ചോദ്യം ചെയ്തു. ശനിയാഴ്ച രാവിലെ 11നാണ് അദ്ദേഹം പൂജപ്പുരയിലെ വിജിലൻസ് സ്‌പെഷ്യൽ യൂണിറ്റിൽ മുന്നിൽ ഹാജരായത്.

ഇതുവരെയുള്ള കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പ്രത്യേക ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. പാലം നിർമ്മിച്ച ആർ.ഡി.എസ് കമ്പനിക്ക് മുൻകൂറായി എട്ടേകാൽ കോടി രൂപ കൈമാറിയെന്നതായിരുന്നു പ്രധാനപ്പെട്ട ആരോപണം. താഴേതട്ടിൽ നിന്ന് ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷമാണ് ഫയൽ മുന്നിലെത്തിയതെന്നും പണം കൈമാറാൻ ഉദ്യോഗസ്ഥർ ശുപാർശ ചെയ്തിരുന്നതായും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. വിജിലൻസ് എസ്.പി വിനോദ്കുമാർ, ഡിവൈ.എസ്.പി. ശ്യാംകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. കേസിലെ പ്രതിയും പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയുമായിരുന്ന ടി.ഒ സൂരജിന്റെ മൊഴി അദ്ദേഹം തള്ളിപ്പറഞ്ഞു.
വായ്പ ചോദിച്ച് കരാർ കമ്പനിയായ ആർ.ഡി.എസ് സർക്കാരിനെ സമീപിച്ചത് 2014 ജൂൺ 30നാണ്. അടുത്ത ദിവസം തന്നെ വായ്പ അനുവദിച്ച് ഉത്തരവിറങ്ങിയിരുന്നു. നാല് ഉദ്യോഗസ്ഥരും മന്ത്രിയും ഒറ്റദിവസമാണ് ഫയലിൽ ഒപ്പിട്ടത്. ഇതിലെ ദുരൂഹതയാണ് വിജിലൻസ് അന്വേഷിക്കുന്നത്. ചോദ്യം ചെയ്യലിന് ശേഷം ഇബ്രാഹിം കുഞ്ഞ് മാദ്ധ്യമ പ്രവർത്തകരോട് സംസാരിച്ചു. പറയേണ്ടതെല്ലാം ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പാലാരിവട്ടം പാലം ഉപയോഗശൂന്യമായ കേസിൽ പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ.സൂരജ്, ആർ.ഡി.എസ് പ്രോജക്റ്റ് ലിമിറ്റഡ് കമ്പനി എം.ഡി സുമിത് ഗോയൽ, ആർ.ബി.ഡി.സി.കെ ജനറൽ മാനേജർ പി.ഡി. തങ്കച്ചൻ എന്നിവരെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു.
തു‌ടരന്വേഷണത്തിന്റെ ഭാഗമായി അഴിമതി നിരോധന നിയമപ്രകാരം ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാൻ വിജിലൻസ് സർക്കാർ അനുമതി നേടിയിരുന്നു. ഇബ്രാഹിംകുഞ്ഞിന്റെ മൊഴി വിശദമായി പരിശോധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇതും മറ്റുരേഖകളുമായി ഒത്തുനോക്കിയതിന് ശേഷമാകും വീണ്ടും ചോദ്യം ചെയ്യുക. ഇതിൽ വ്യക്തമായ മറുപടി ഉണ്ടായില്ലെങ്കിൽ അറസ്റ്റുണ്ടായേക്കുമെന്നാണ് സൂചന.