മംഗളൂരു : കഴിഞ്ഞ ദിവസം മൂഡബിദ്രിയിൽ നടന്ന കന്നുപൂട്ട് മത്സരത്തിൽ റെക്കാഡ് സമയത്ത് ഫിനിഷ് ചെയ്യുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായതും ശ്രീനിവാസയെന്ന കന്നുപൂട്ടുകാരന്റെ ജീവിതം മാറ്റിമറിച്ചിരിക്കുന്നതും.
142 മീറ്റർ കമ്പള ട്രാക്കിൽ വെറും വെറും 13.42 സെക്കൻഡുകൊണ്ടാണ് ശ്രീനിവാസയും പോത്തുകളും ഒന്നാമതായി ഓടിയെത്തിയത്. ഈ വീഡിയോ ദൃശ്യത്തിൽ 100 മീറ്റർ പൂർത്തിയാക്കാൻ വേണ്ടിവന്നത് 9.55 സെക്കൻഡ് മാത്രവും. ലോകത്തെ ഏറ്റവും വേഗതയേറിയ മനുഷ്യനായ ഉസൈൻ ബോൾട്ട് 2009ൽ 9.58 സെക്കൻഡിൽ ഓടിയെത്തിയ റെക്കാഡ് തകർക്കാൻ ഇതുവരെയാർക്കും കഴിഞ്ഞിട്ടില്ല. ഇതോടെയാണ് സോഷ്യൽ മീഡിയ ഇന്ത്യൻ ബോൾട്ട് എന്ന വിശേഷണം ശ്രീനിവാസിന് ചാർത്തിയത്.
വൈറലായ വീഡിയോ തിരുവനന്തപുരം എം.പി ശശിതരൂർ ട്വിറ്ററിൽ കേന്ദ്ര കായികമന്ത്രി കിരൺ റിജിജുവിന് ഇദ്ദേഹത്തെ അത്ലറ്റിക് അസോസിയേഷൻ ഏറ്റെടുത്ത് ഒളിമ്പിക്സിന് അയയ്ക്കണമെന്ന കമന്റോടെ അയച്ചുകൊടുത്തു. വ്യവസായ പ്രമുഖൻ ആനന്ദ് മഹീന്ദ്രയും മന്ത്രിക്ക് ഇതേ ആവശ്യവുമായി സന്ദേശമയച്ചു. ഉടനെ മന്ത്രിയുടെ മറുപടി എത്തി. ശ്രീനിവാസയുമായി ബന്ധപ്പെടാൻ സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യയിലെ പരിശീലകരെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹത്തിന് ഡൽഹിയിലെത്തി ട്രാക്കിൽ ഓടി ട്രയൽസ് നടത്താൻ ട്രെയിൻ ടിക്കറ്റ് അയച്ചുകൊടുത്തുവെന്നും മന്ത്രി കുറിച്ചു.
ചെളിപ്പാടത്തുനിന്ന് സിന്തറ്റിക് ട്രാക്കിൽ ശ്രീനിവാസയെ ഓടിച്ച് വേഗതയളക്കാൻ മന്ത്രി സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യയിലെ പരിശീലകർക്ക് നിർദേശം നൽകിക്കഴിഞ്ഞു. ട്രാക്കിലും ഈ വേഗം നിലനിറുത്താനായാൽ ഇന്ത്യൻ അത്ലറ്റിക്സിനു തന്നെ മുതൽക്കൂട്ടായി മാറും ഈ 28കാരൻ.
ദക്ഷിണ കന്നടയിലെയും ഉഡുപ്പിയിലെയും കർഷകർക്കിടയിലെ കന്നുപൂട്ട് മത്സരമാണ് കമ്പള. കെട്ടിടം പണിക്കാരനായ ശ്രീനിവാസ 2013 മുതൽ കമ്പളയിലെ ജോക്കിയാണ്. 2017-18 വർഷങ്ങളിൽ 28 മെഡലുകൾ നേടി ഓവറാൾ ചാമ്പ്യനായിരുന്നു. സ്ഥലത്തെ പ്രധാന ഭൂവുടമകളുടെ മാടുകളെയാണ് ഓടിക്കുന്നത്.
കൂലിപ്പണിക്കാരനായ ദൊരപ്പയ്യയാണ് ശ്രീനിവാസയുടെ പിതാവ്. മാതാവ് ഗിരിജ നേരത്തെ മരണമടഞ്ഞു.
ട്രാക്കിലോടുമോ?
കമ്പള മത്സരത്തിലെ ശ്രീനിവാസിന്റെ ഓട്ടം മികച്ചതാണെങ്കിലും ഉസൈൻ ബോൾട്ടിനോട് ഉപമിക്കുന്നത് ശരിയല്ലെന്ന് കർണാടകയിലെ കമ്പള അക്കാഡമി സ്ഥാപകനും ട്രെയിനറുമായ പ്രൊഫ. കെ. ഗുണപാല കഡംബ തന്നെ പറയുന്നു. ശ്രീനിവാസ ഈ അക്കാഡമിയിൽ നിന്ന് ട്രെയിനിംഗ് പൂർത്തിയാക്കിയ ആളാണ്.
സാധാരണ 142 മീറ്ററാണ് കമ്പള ട്രാക്കിന്റെ നീളമെങ്കിലും ചില മത്സരങ്ങളിൽ ഇതിന് വ്യത്യാസം വരാം. മാത്രമല്ല, സമയം കൃത്യമായി നിർണയിക്കാൻ ശാസ്ത്രീയമായ മാർഗങ്ങളല്ല, കമ്പളയിൽ ഉപയോഗിക്കുന്നത്. മൃഗങ്ങൾക്കൊപ്പം കയറുപിടിച്ച് ഓടുന്നത് മനുഷ്യന് ആനുകൂല്യവും നൽകുന്നുണ്ട്. അതുകൊണ്ട്തന്നെ ശ്രീനിവാസയെ ബോൾട്ടിന് തുല്യമായി കാണുന്നത് ശരിയല്ല. എന്നാണ് ഗുണപാല പറയുന്നത്.
കമ്പളയിലെ വമ്പൻ
ദക്ഷിണ കന്നടയിലെ കമ്പള മത്സരവേദികളിൽ സൂപ്പർ സ്റ്റാറാണ് ശ്രീനിവാസ. ഈ സീസണിൽ നടന്ന 11 കമ്പള മത്സരങ്ങളിൽ നിന്ന് 32 ട്രോഫികൾ ഈ 28കാരൻ ഇതിനകം നേടിക്കഴിഞ്ഞു. 2013 മുതൽ കമ്പളയ്ക്കിറങ്ങുന്ന ശ്രീനിവാസ 2017-18 വർഷങ്ങളിൽ 28 മെഡലുകൾ നേടി ഓവറാൾ ചാമ്പ്യനായിരുന്നു. സ്ഥലത്തെ പ്രധാന ഭൂവുടമകളുടെ മാടുകളെയാണ് ഓടിക്കുന്നത്.
കൂലിപ്പണിക്കാരനായ ദൊരപ്പയ്യയാണ് ശ്രീനിവാസയുടെ പിതാവ്. മാതാവ് ഗിരിജ നേരത്തെ മരണമടഞ്ഞു.
ട്വിറ്ററിൽ സംഭവിച്ചത്
ഉസൈൻ ബോൾട്ടിനെക്കാൾ വേഗമോ? പോത്തുകളുമായി 100 മീറ്റർ ഓടുവാൻ ഈ കർണാടകക്കാരന് വെറും 9.55 സെക്കൻഡേ വേണ്ടിവന്നുള്ളൂ. ഇയാളെ എത്രയും വേഗം അത്ലറ്റിക് അസോസിയേഷൻ ഏറ്റെടുത്ത് ഒളിമ്പിക്സിനയയ്ക്കണം. എത്ര പ്രതിഭകളാണ് നമ്മുടെ നാട്ടിൽ മറഞ്ഞിരിക്കുന്നത്.
-ശശിതരൂർ എം.പി
ആ ശരീരത്തിലേക്ക് ഒന്നു നോക്കിയാൽ മതി, അത്ലറ്റിക്സിൽ ഉയരങ്ങൾ കീഴടക്കാനുള്ള കഴിവ് ശ്രീനിവാസയ്ക്ക് ഉണ്ടെന്ന് മനസിലാകും. കായികമന്ത്രി ഈ മനുഷ്യന് 100 മീറ്ററിൽ ട്രെയിനിംഗ് നൽകണം. അല്ലെങ്കിൽ കമ്പള ഒളിമ്പിക് ഇനമാക്കണം. എങ്ങനെയായാലും ശ്രീനിവാസയ്ക്കൊരു ഒളിമ്പിക് സ്വർണം കിട്ടിയേ പറ്റൂ.
- ആനന്ദ് മഹീന്ദ്ര
വ്യവസായ പ്രമുഖൻ.
രാജ്യത്തെ ഒരു പ്രതിഭയെയും ഒളിഞ്ഞിരിക്കാൻ അനുവദിക്കില്ല. ശ്രീനിവാസയെ സെലക്ഷൻ ട്രയൽസിന് ഡൽഹിയിലേക്ക് വിളിക്കാൻ സായ് കോച്ചുമാരോട് ആവശ്യപ്പെട്ടുകഴിഞ്ഞു. അദ്ദേഹത്തിന്റെ ഡൽഹി യാത്രയ്ക്കുള്ള ടിക്കറ്റും നൽകും. ഒളിമ്പിക്സിന്റെ യോഗ്യതാമാർക്കിനെക്കുറിച്ച് അറിയാത്ത പലരും ഇപ്പോഴുമുണ്ട്. അവരെ കണ്ടെത്തി പരിശീലനം നൽകും.
-കിരൺ റിജിജു
കേന്ദ്ര കായികമന്ത്രി
മിന്നൽ ബോൾട്ട്
കരീബിയൻ ദ്വീപ് രാഷ്ട്രമായ ജമൈക്കയിലെ തെരുവുകളിൽ ക്രിക്കറ്റും ഫുട്ബാളും കളിച്ചു നടന്ന ഉസൈൻ ബോൾട്ടിനെ സ്കൂളിലെ ക്രിക്കറ്റ് കോച്ചാണ് ഓട്ടക്കാരനാക്കിയത്. എട്ട് ഒളിമ്പിക് സ്വർണങ്ങളും 11ലോക ചാമ്പ്യൻഷിപ്പ് സ്വർണങ്ങളും ഉൾപ്പെടെ 29 അന്താരാഷ്ട്ര സ്വർണ മെഡലുകൾ നേടിയ ബോൾട്ട് 2017ലാണ് ട്രാക്കിൽ നിന്ന് വിരമിച്ചത്. 2008 ബെയ്ജിംഗ്, ഒളിമ്പിക്സിൽ 100, 200, 4 x 100 റിലേകളിൽ സ്വർണം നേടി. 2012ൽ ലണ്ടനിലും 2016ൽ റിയോ ഒളിമ്പിക്സിലും നേട്ടം ആവർത്തിച്ചു. 2008ലെ റിലേ മെഡൽ സഹതാരത്തിന്റെ തെറ്റുകൊണ്ട് പിന്നീട് തിരിച്ചു നൽകേണ്ടിവന്നു.
ടോപ് ടെൻ @ 100 മീറ്റർ
9.58 സെക്കൻഡ് - ഉസൈൻ ബോൾട്ട്
9.69 - ടൈസൻഗേ / യെഹാൻ ബ്ളേക്ക്
9.72 - അസഫാ പവൽ
9.74 - ജസ്റ്റിൻ ഗാറ്റ്ലിൻ
9.76 - ക്രിസ്റ്റ്യൻ കോൾമാൻ
9.78 - നെസ്റ്റ കാർട്ടർ
9.79 - മൗറിസ് ഗ്രീൻ
9.80 - സ്റ്റീവ് മുള്ളിംഗ്സ്
9.82 - റിച്ചാർഡ് തോംപ്സൺ
10.26 സെക്കൻഡ്
100 മീറ്ററിൽ 10 സെക്കൻഡിൽ താഴെ ഫിനിഷ് ചെയ്യാൻ ഇന്ത്യൻ താരങ്ങൾക്ക് ആർക്കും കഴിഞ്ഞിട്ടില്ല. 10.26 സെക്കൻഡിൽ 2016ലെ ഫെഡറേഷൻ കപ്പിൽ ഫിനിഷ് ചെയ്ത ഒറീസക്കാരൻ അമിയ കുമാർ മല്ലിക്കിന്റെ പേരിലാണ് നിലവിലെ ദേശീയ റെക്കാഡ്.
ഹുസൈൻ ബോൾട്ടിനെക്കാൾ കേമനെന്നൊക്കെ എന്നെ വിശേഷിപ്പിക്കുന്നതിൽ അതിശയം തോന്നുന്നു. ബോൾട്ട് ലോക ചാമ്പ്യനായ ഓട്ടക്കാരനല്ലേ, ഞാൻ വെറും ചെളിക്കണ്ടത്തിലെ കന്നുപൂട്ടുകാരൻ.
- ശ്രീനിവാസ ഗൗഡ