കഴക്കൂട്ടം: മംഗലപുരം, ചെമ്പകമംഗലം, മുരുക്കുംപുഴ പ്രദേശങ്ങളിലെ കടകളിലും മാർക്കറ്റുകളിലും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തി. പഴകിയതും വൃത്തിഹീനവുമായ ഭക്ഷ്യ വസ്തുക്കൾ കണ്ടെത്തി. കച്ചവടക്കാരിൽ നിന്നായി 14,500 രൂപ പിഴ ഈടാക്കുകയും ചെയ്തു.

പുത്തൻതോപ്പ് സാമൂഹ്യ ആരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസറുടെ നേതൃത്വത്തിൽ മംഗലപുരം പഞ്ചായത്തിന്റെ സഹകരണത്തോടെ 26 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ചെമ്പകമംഗലം മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ മണൽ വാരിയിട്ട് മത്സ്യം വിൽക്കുന്നവരിൽ നിന്ന് 200 രൂപ വീതം പിഴ ഈടാക്കി. മംഗലപുരത്ത് ബസ് സ്റ്റോപ്പിന്റെ ഷെഡിൽ മത്സ്യം വിറ്റ സ്ത്രീയിൽ നിന്ന് 500 രൂപ പിഴ ഈടാക്കി .പുത്തൻതോപ്പ് സാമൂഹ്യ ആരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ ശശി, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സാം വെല്ലിംഗ്ടൺ, വിശ്വനാഥൻ, ഷിബു, അഖിലേഷ്, പഞ്ചായത്ത് ഓഫീസ് ജീവനക്കാരായ ഹരികുമാർ, സെബാസ്റ്റ്യൻ എന്നിവരും അണ്ടൂർക്കോണം, മംഗലപുരം, തോന്നയ്ക്കൽ ആരോഗ്യ കേന്ദ്രങ്ങളിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരും പരിശോധനയിൽ പങ്കെടുത്തു.