ഹാമിൽട്ടൺ : ന്യൂസിലൻഡ് ഇലവനെതിരായ ത്രിദിന മത്സരത്തിൽ തിളങ്ങി ഇന്ത്യൻ പേസർമാർ. ആദ്യ ഇന്നിംഗ്സിൽ 263ന് ആൾ ഔട്ടായിരുന്ന ഇന്ത്യ രണ്ടാം ദിവസമായ ഇന്നലെ കിവീസ് ഇലവനെ 235 റൺസിന് ആൾ ഔട്ടാക്കിയ ശേഷം രണ്ടാം ഇന്നിംഗ്സിനിറങ്ങി വിക്കറ്റ് നഷ്ടം കൂടാതെ 59 റൺസടിച്ചു.
ഏകദിന പരമ്പരയിൽ നഷ്ടമായ ഫോം വീണ്ടെടുത്ത് മുഹമ്മദ് ഷമിയും ജസ്പ്രീയ് ബുംറയും നവ്ദീപ് സെയ്നിയും തിളങ്ങിയപ്പോൾ ടെസ്റ്റ് പരമ്പരയ്ക്കായെത്തിയ ഉമേഷും മോശമാക്കിയില്ല. ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ബുറംയും ഉമേഷും സെയ്നിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അശ്വിനാണ് അവശേഷിച്ച വിക്കറ്റ് സ്വന്തമാക്കിയത്.
ഓപ്പൺമിൽ യംഗിനെ (2) മൂന്നാം ഓവറിൽ തന്നെ പുറത്താക്കി ബുംറയാണ് കവി വേട്ടയ്ക്ക് തുടക്കമിട്ടത്. തുടർന്ന് ഷമി ടിം സീപർട്ടിനെയും (9) നെ പുറത്താക്കിയപ്പോൾ കിവീസ് ഇലവൻ 36/2 എന്ന നിലയിലായി. രചിൻ രവീന്ദ്ര (34), അല്ലെൻ (20), കൂപ്പർ (40), ടോം ബ്രൂസ് (31), മിച്ചേൽ (32) എന്നിവർ നടത്തിയ ചെറുത്തുനില്പാണ് ആതിഥേയരെ 200 കടത്തിയത്.
ഇന്നലെ കളി നിറുത്തുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയ്ക്കു വേണ്ടി ഓപ്പൺമാരായ പൃഥ്വിഷായും (35 നോട്ടൗട്ട്), മായാങ്ക് അൻവറുമാണ് (23) ക്രീസിൽ.
ആദ്യ ഇന്നിംഗ്സിൽ ഹനുമവിഹാരിയുടെ സെഞ്ച്വറിയും (101), ചേതേശ്വർ പുജാരയുടെ (93) റൺസുമാണ് ഇന്ത്യയെ 263ലെത്തിച്ചത്.
ഇശാന്ത് ഫിറ്റ്നസ് ടെസ്റ്റ് പാസായി
ബംഗളുരു : പരിക്കിന്റെ പിടിയിലായിരുന്ന പേസ് ബൗളർ ഇശാന്ത് ശർമ്മ ഫിറ്റ്നസ് ടെസ്റ്റ് പാസായതായി റിപ്പോർട്ട്. ബാംഗ്ളൂർ ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ ടെസ്റ്റിന് വിധേയനായ ഇശാന്ത് ഉടൻ ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിനായി തിരിക്കും. 21നാണ് ടെസ്റ്റ് തുടങ്ങുന്നത്.
ഒന്നോ രണ്ടോ മത്സരങ്ങളിൽ വിക്കറ്റ് നേടാനായില്ല എന്നതുകൊണ്ട് ജസ്പ്രീത് ബുംറയെ എഴുതിത്തള്ളരുത്. മാച്ച് വിന്നിംഗ് കപ്പാസിറ്റിയുള്ള അസാമാന്യ ബൗളാണ് ബുംറ.
_മുഹമ്മദ് ഷമി