നടത്ത മത്സരത്തിൽ ഒളിമ്പിക് ബർത്ത് നേടി ഭാവന ജാട്ട്
റാഞ്ചി: ഒരു കൊല്ലം മുമ്പ് ആരുമറിയാതെയിരുന്ന രാജസ്ഥാൻകാരി ഭാവന ജാട്ട് ഇന്നലെ റാഞ്ചിയിൽ നടന്ന ദേശീയ റേസ് വാക്കിംഗ് ചാമ്പ്യൻഷിപ്പിൽ നാഷണൽ റെക്കാഡ് സൃഷ്ടിച്ച് ടോക്കിയോ ഒളിമ്പിക്സിന് ബർത്ത് സ്വന്തമാക്കി. കഴിഞ്ഞ ഒക്ടോബറിൽ നടന്ന നാഷണൽ ഓപ്പൺ ചാമ്പ്യൻഷിപ്പിലാണ് 23 കാരിയായ ഭാവന ആദ്യമായി ദേശീയ സ്വർണം നേടി ശ്രദ്ധയാകർഷിച്ചത്. മലയാളി താരം സൗമ്യ ബേബി സ്ഥാപിച്ചിരുന്ന റെക്കാഡാണ് ഇന്നലെ ഭാവനയ്ക്ക് വഴിമാറിയത്. പുരുഷ വിഭാഗത്തിൽ ഹരിയാനക്കാരൻ സന്ദീപ് കുമാറിനാണ് സ്വർണം.
1 മണിക്കൂർ 29 മിനിട്ട് 54 സെക്കൻഡ്
20 കി.മീ നടത്തത്തിൽ ഇന്നലെ ഭാവന ഫിനിഷ് ചെയ്ത സമയം
1 മണിക്കൂർ 31 മിനിട്ട് 29 സെക്കൻഡ്
സൗമ്യ ബേബി 2016ൽ കുറിച്ചിരുന്ന ദേശീയ റെക്കാഡ് സമയം
1 മണിക്കൂർ 31 മിനിട്ട് 35 സെക്കൻഡ്
വനിതാ 20 കി.മീ നടത്തത്തിലെ ഒളിമ്പിക് യോഗ്യതാ മാർക്ക്
ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ വനിതാ അത്ലറ്റിക്സ് താരമാണ് ഭാവന.
മലയാളി താരം കെ.ടി ഇർഫാനാണ് (നടത്തം) ആദ്യ യോഗ്യത നേടിയ പുരുഷ അത്ലറ്റ്.
അവിനാഷ് സാബ്ലെ (3000 മീറ്റർ സ്റ്റീപ്പിൾചേസ്), നീരജ് ചോപ്ര എന്നിവരാണ് ഒളിമ്പിക് യോഗ്യത നേടിയ മറ്റ് ഇന്ത്യൻ അത്ലറ്റുകൾ.
കഴിഞ്ഞ മൂന്നുമാസമായി നടത്തിയ കഠിന പ്രയത്നത്തിന്റെയും പരിശീലനത്തിന്റെയും ഫലമാണ് ഈ ഒളിമ്പിക് യോഗ്യത.
ഭാവന ജാട്ട്