തിരുവനന്തപുരം: ഹരിപ്പാട് – അമ്പലപ്പുഴ റെയിൽപ്പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി രണ്ടാം പാതയുടെ അന്തിമ പരിശോധനയും പരീക്ഷണ ഓട്ടവും റെയിൽവേ മുഖ്യ സുരക്ഷാ കമ്മിഷണർ കെ.എ. മനോഹരന്റെ നേതൃത്വത്തിൽ 26ന് നടക്കും. രണ്ടാം പാത (18 കി.മീ) മാർച്ച് രണ്ടാം വാരം കമ്മിഷൻ ചെയ്യാൻ കഴിയുമെന്നാണ് റെയിൽവേ നിർമ്മാണ വിഭാഗത്തിന്റെ പ്രതീക്ഷ.

എങ്കിലും ഇരട്ടപ്പാത ഗതാഗതത്തിനു തുറക്കാൻ സെപ്തംബറാകും. അണ്ടർപാസുകളുടെ നിർമ്മാണത്തിനായി നിലവിലെ പാതയിലൂടെയുളള ഗതാഗതം ആറ് മാസം നിറുത്തി വയ്‌ക്കേണ്ടി വരും. അതുവരെ പുതിയ പാതയിലൂടെയാകും ഇരുദിശയിലേക്കും ട്രെയിനുകൾ സർവീസ് നടത്തുക.

സെപ്തംബറിൽ ഇരട്ടപ്പാത വരുന്നതോടെ ആലപ്പുഴ വഴിയുളള ട്രെയിൻ ഗതാഗതം ഏറെ മെച്ചപ്പെടും. ഇരട്ടപ്പാതയുടെ പൂർണമായ പ്രയോജനം ലഭിക്കണമെങ്കിൽ അമ്പലപ്പുഴ മുതൽ എറണാകുളം വരെ ബാക്കിയുളള ഒറ്റവരി പാതയും ഇരട്ടിപ്പിക്കണം. എന്നാൽ പദ്ധതിക്ക് ഇതുവരെ റെയിൽവേ ബോർഡിന്റെ അംഗീകാരം ലഭിച്ചിട്ടില്ല. പദ്ധതി റെയിൽവേ ബോർഡ് നടപ്പാക്കണമെന്ന് സംസ്ഥാനവും സംസ്ഥാനം പകുതി ചെലവു വഹിക്കണമെന്ന് റെയിൽവേയും ആവശ്യപ്പെട്ടു.