ഡർബൻ : ഒന്നാം ട്വന്റി 20യിൽ ഒരു റൺസിന് ദക്ഷിണാഫ്രിക്ക ജയിച്ചെങ്കിൽ രണ്ടാം ട്വന്റി 20യിൽ രണ്ട് റൺസിന് ഇംഗ്ളണ്ടിന്റെ തിരിച്ചടി. ഇതോടെ മൂന്ന് മത്സര പരമ്പര 1-1ന് സമനിലയിലുമായി.
കഴിഞ്ഞരാത്രി ഡർബനിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ളണ്ട് 204/7 എന്ന സ്കോർ ഉയർത്തിയപ്പോൾ ദക്ഷിണാഫ്രിക്ക 202/7 എന്ന സ്കോറിൽ ഒതുങ്ങുകയായിരുന്നു.
ആദ്യ മത്സരത്തിൽ ഇംഗ്ളണ്ടിന് ജയിക്കാൻ ഏഴ് റൺസ് വേണ്ടിയിരുന്ന അവസാന ഓവറിൽ ഒരു റൺ ഔട്ടടക്കം മൂന്ന് വിക്കറ്റ് വീഴ്ത്തുകയും അഞ്ച് റൺസ് മാത്രം നൽകുകയും ചെയ്തിരുന്ന ദക്ഷിണാഫ്രിക്കൻ പേസർ ലുൻഗി എംഗിഡിയായിരുന്നു ഹീറോയെങ്കിൽ രണ്ടാം മത്സരത്തിൽ 15 റൺസ് ജയിക്കാൻ വേണ്ടിയിരുന്ന ദക്ഷിണാഫ്രിക്കയ്ക്ക് നാല് പന്തുകളിൽ 12 റൺസ് നൽകിയശേഷം അവസാന രണ്ട് പന്തുകളിൽ രണ്ട് വിക്കറ്റ് വീഴ്ത്തിയ പേസർ ടോം കറാൻ സൂപ്പർ സ്റ്റാറായി.
സിക്സും ഫോറുമടിച്ച് വിജയത്തിലേക്ക് നീങ്ങിയ പ്രിട്ടോറിയസിനെയും ആദിൽ റാഷിദിനെയുമാണ് കറാൻ അവസാന പന്തുകളിൽ പുറത്താക്കി ഇംഗ്ളണ്ടിന് വിജയം നൽകിയത്.
നേരത്തെ ബെൻസ്റ്റോക്സ് (47), ജാസൺ റോയ് (40), ബെയർ സ്റ്റോ (35), മൊയീൻ അലി (39) എന്നിവരുടെ മികവിലാണ് ഇംഗ്ളയ് 204ലെത്തിയത്. ആതിഥേയർക്കായി ക്വിന്റൺ ഡി കോക്ക് (65), വാർഡർ ഡ്യുസൻ (43), പ്രിട്ടോറിയസ് (25) എന്നിവർ പൊരുതി നോക്കി.